ജീവിത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടിയായി വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന. കോവിഡുള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടാക്കിയ ക്ഷീണം പൊതു സമൂഹം ഇതുവരെ അതിജീവിച്ച് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ എല്ലാ മേഖലയിലുള്ള ജനങ്ങളും വ്യത്യസ്ത രൂപത്തിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ചെറുകിട വ്യാപാര മേഖല, കാര്‍ഷിക മേഖല എന്നീ പ്രധാന രണ്ട് മേഖലകളിലും വലിയ പ്രതിസന്ധിയുണ്ട്. ഇതാണ് നമ്മുടെ സംസ്ഥാനത്തിന്റെ നട്ടെല്ലും. മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവരും, ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവരും അവരുടെ ബുദ്ധിമുട്ടുകള്‍ ദിനം പ്രതി അധികാരികളുടെ മുമ്പില്‍ ഉന്നയിക്കുന്നുമുണ്ട്. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന ജീവനക്കാരൊഴിച്ച് മറ്റിടങ്ങളില്‍ തൊഴിലെടുക്കുന്ന ഇടത്തരം വിഭാഗങ്ങളടക്കം തൊഴില്‍ പ്രതിസന്ധിയടക്കം നേരിടുകയാണ്. കോവിഡിന് ശേഷം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം പല സ്ഥാപനങ്ങളും ജീവനക്കാരെ കുറക്കാന്‍ നിര്‍ബന്ധിതരായി. സര്‍ക്കാര്‍ കിട്ടാവുന്ന മേഖലകളിലെല്ലാം നികുതിയടക്കം വര്‍ദ്ധിപ്പിച്ച് വരുമാനം കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ അതെല്ലാം സാധാരണക്കാരന്റെ തലക്ക് മുകളിലാണ് പതിക്കുന്നത്. ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജ്ജും അത്തരത്തിലുള്ള ഒന്നാണ്. പലരും സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയാതെ അടച്ചു പൂട്ടുകയാണ്. കൃഷിക്കുള്ള വൈദ്യുതിക്കും 20 പൈസ കൂട്ടിയിട്ടുണ്ട്. വൈദ്യുതി നിരക്കിന് പുറമെ, വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്‌സഡ് ചാര്‍ജ്ജും കൂട്ടിയിരിക്കുകയാണ്. നിരക്ക് വര്‍ദ്ധനയിലൂടെ കെ.എസ്ഇബി കോടിക്കണക്കിന് രൂപ നേടുമ്പോള്‍ അതെല്ലാം ജനങ്ങള്‍ക്ക് ഇരുട്ടടിയാണ്. വെള്ളവും, വൈദ്യുതിയും, വിദ്യാഭ്യാസവും, ചികിത്സയും പരിപൂര്‍ണ്ണമായി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കേണ്ട സര്‍ക്കാരുകള്‍ അതിനെല്ലാം വില വര്‍ദ്ധിപ്പിക്കുമ്പോള്‍ ജനങ്ങള്‍ ആരോടാണ് ആവലാതികള്‍ പറയുക എന്ന ചേദ്യം അവശേഷിക്കുകയാണ്.