സമുദ്ര ജൈവ വൈവിധ്യത്തിന്റെ സിരാകേന്ദ്രമെന്ന് പറയപ്പെടുന്ന പവിഴപ്പുറ്റുകള്‍ കടലിന്റെ ആഴങ്ങളില്‍ സുരക്ഷിതമല്ലെന്ന് പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമുദ്രാന്തര്‍ ഭാഗത്ത് ഇതാദ്യമായാണ് പവിഴപ്പുറ്റുകളില്‍ കോറല്‍ ബ്ലീച്ചിങ് കണ്ടെത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍. സമുദ്രങ്ങളില്‍ ചൂടേറുമ്പോള്‍ പവിഴപ്പുറ്റുകള്‍ അവയില്‍ വാസമുറപ്പിച്ചിരിക്കുന്ന ആല്‍ഗകളെ പുറന്തള്ളുമ്പോള്‍ വെള്ള നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന പ്രക്രിയയെയാണ് ‘കോറല്‍ ബ്ലീച്ച്’ എന്നറിയപ്പെടുന്നത്.
ഓസ്ട്രേലിയ മുതല്‍ കിഴക്കന്‍ പസഫിക് വരെയുള്ള സമുദ്രങ്ങള്‍ ഇത്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.
സുനാമി മൂലമുണ്ടാകുന്ന വലിയ തിരമാലകളുടെ ശക്തമായ പ്രഹരം മൂലം പവിഴപ്പുറ്റുകള്‍ക്ക് നാശം വരാറുണ്ട്. കൂടാതെ നക്ഷത്രമത്സ്യങ്ങള്‍ ആഹാരമാക്കുന്നതിലൂടെയും പവിഴപ്പുറ്റുകള്‍ക്ക് നാശം സംഭവിക്കുന്നു. ഇവയ്ക്ക് പുറമെ മനുഷ്യര്‍ കടലില്‍ തള്ളുന്ന പ്ലാസ്റ്റിക്, കപ്പലുകളില്‍ നിന്നും പുറത്തേക്കൊഴുകുന്ന എണ്ണ, കൗതുകത്തിനായി അക്വേറിയങ്ങളില്‍ സൂക്ഷിക്കാനായ് പവിഴപ്പുറ്റുകള്‍ ശേഖരിക്കല്‍ എന്നിവ വഴി പവിഴപ്പുറ്റുകള്‍ക്ക് നാശം സംഭവിക്കറുണ്ട്. 2019-ല്‍ ഇന്ത്യന്‍ സമുദ്രത്തിന്റെ പടിഞ്ഞാറായി 300 അടി താഴ്ചയില്‍ കോറല്‍ ബ്ലീച്ചിങ് കണ്ടെത്തി. ഈ പ്രദേശത്ത് സമുദ്രത്തിലെ ചൂടിന് പിന്നില്‍ എല്‍-നിനോ പോലുള്ളവയാണെന്നാണ് നിഗമനം.കൂടാതെ താപനിലയിലുണ്ടാവുന്ന വ്യതിയാനം, കടല്‍ജലത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവു കൂടുക, എണ്ണ തുടങ്ങിയ മാലിന്യങ്ങള്‍ കലരുക എന്നിവയും പവിഴപ്പുറ്റുകളുടെ നാശത്തിനു കാരണമാകുന്നു..
2020-ല്‍ അവിടെ വീണ്ടും ഗവേഷണം നടത്തിയപ്പോള്‍ ഗവേഷകര്‍ പവിഴപ്പുറ്റുകള്‍ പുനരുജ്ജീവിച്ചതായി കണ്ടെത്തി. എന്നിരുന്നാലും പവിഴപ്പുറ്റുകളുടെ ഭാവിയെ കുറിച്ചുള്ള അവരുടെ ആശങ്ക വിട്ടുമാറുന്നില്ല. കടലിന്റെ ആഴങ്ങളില്‍ ഇനിയും തിരിച്ചറിയപ്പെടാത്ത, ആഗോള താപനം മൂലം ഭീഷണി നേരിടുന്ന അനേകം പവിഴപ്പുറ്റുകളുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ആഴമേറിയ ഇടങ്ങളിലെ പവിഴപ്പുറ്റുകളും ആഗോള താപനത്താല്‍ വലയുന്നുവെന്ന പഠനറിപ്പോര്‍ട്ട് പിന്നീട് നേച്വര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഗ്രേറ്റ് ബാരിയര്‍ റീഫടക്കമുള്ളവയ്ക്ക് കൂട്ട ബ്ലീച്ചിങ് വെല്ലുവിളിയാണ്. ഗ്രേറ്റ് ബാരിയര്‍ റീഫ് മറൈന്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ ഇക്കഴിഞ്ഞ വര്‍ഷം ചരിത്രത്തിലെ ഏറ്റവും വലിയ ആറാമത്തെ കൂട്ട ബ്ലീച്ചിങ്ങിന് ഗ്രേറ്റ് ബാരിയര്‍ റീഫ് വിധേയമായതായി കണ്ടെത്തിയിരുന്നു. 1998, 2002, 2010, 2016, 2020 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് കൂട്ട ബ്ലീച്ചിങ്ങുകള്‍ രേഖപ്പെടുത്തിയത്. ഇത്തരം പ്രതിഭാസങ്ങള്‍ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണി തന്നെയാണെന്ന് പറയുന്നു ഗവേഷകര്‍.