പ്രതിരോധം ഭീകരതയല്ല ഹുസൈന്‍ മടവൂര്‍

പ്രതിരോധം ഭീകരതയല്ല ഹുസൈന്‍ മടവൂര്‍

അക്രമണങ്ങളെ പ്രതിരോധിക്കുന്നത് ഭീകതയല്ലെന്നും, ഫലസ്തിനികള്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും ഡോ.ഹുസൈന്‍ മടവൂര്‍. പതിറ്റാണ്ടുകളായി ഇസ്രയേല്‍ അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യുന്ന ഫലസ്തീനികള്‍ സ്വാതന്ത്ര്യ സമര പോരാളികളാണെന്നും പാളയത്ത് ജുമുഅ ഖുതുബ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

ഇങ്ങോട്ട് യുദ്ധം ചെയ്യുകയും വീടുകളില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നവരെ ചെറുത്ത് നില്‍ക്കുന്നത് കുറ്റമല്ലെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ചെറുത്ത് നില്‍പില്‍ മരണം വരിക്കേണ്ടി വന്നാല്‍ അത് രക്ത സാക്ഷ്യമാണെന്ന് (ശഹീദ്) മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഴര പതിറ്റാണ്ടായി ഫലസ്തീനികള്‍ സയണിസത്തിന്റെ ക്രൂരതയാല്‍ കഷ്ടപ്പെടുകയാണ്. അവര്‍ ഭീകര വാദികളല്ല പോരാളികളാണ്.എന്താണ് ഭീകരത എന്നതിന് ലോകമംഗീകരിച്ച നിര്‍വചനമുണ്ട്. അത് കൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇത് വരെ ഫലസ്തീനില്‍ പൊരുതുന്ന ഒരു പാര്‍ട്ടിയെയും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താത്തത്. ഹമാസിനോട് യോജിക്കാം, വിയോജിക്കാം. അത് കൊണ്ടൊന്നും ഇപ്പോള്‍ നടക്കുന്ന യുദ്ധം ഭീകരതയാണെന്ന് പറയാവുന്നതല്ല.

അത് കൊണ്ട് തന്നെയാണ് നിരവധി ലോക രാഷ്ട്രങ്ങള്‍ ഫലസ്തീന്‍ പോരാളികള്‍ക്കൊപ്പം നില്‍ക്കുന്നത്. സൗദിയും ഇറാനും എല്ലാ അറബ് രാഷ്ട്രങ്ങളും ലോക ഇസ്ലാമിക പണ്ഡിതസഭകളും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടണ്‍ ബ്രിട്ടീഷുകാരുടേതാണെന്നത് പോലെ ഫലസ്തീന്‍ ഫലസ്തീനികളുടേതാണ് എന്ന ഗാന്ധിജിയുടെ പ്രഖ്യാപനം നീതിയുടെ ശബ്ദമാണ്. ഇന്ത്യയിലെ ജനങ്ങളും എല്ലാ മതേതര പാര്‍ട്ടികളും ഫലസ്തീന്‍ പക്ഷത്താണ്.

ഫലസ്തീന്‍ ചരിത്രം പഠിക്കാതെ ഫലസ്തീനികളെ ഭീകരന്മാര്‍ എന്ന് വിളിക്കുന്നത് ക്രൂരതയാണെന്ന് കൂട്ടിച്ചേര്‍ത്ത ഇമാം ഫലസ്തീനികള്‍ക്ക് വേണ്ടി പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനയും നടത്തി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *