രാജ്യത്ത് ആദ്യമായി യുനെസ്‌കോയുടെ സാഹിത്യ നഗരമെന്ന പദവി ലഭിക്കുമ്പോള്‍ നമ്മള്‍ കോഴിക്കോടുകാര്‍ക്കോരോരുത്തര്‍ക്കും അഭിമാനിക്കാം. മഹാരഥന്മാരായ സാഹിത്യകാരന്മാരുടെ ജന്മം കൊണ്ടും, കര്‍മ്മം കൊണ്ടും സമ്പന്നമായ നഗരമാണ് കോഴിക്കോട്. വിശ്വ സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ട രചനകള്‍ വരെ കോഴിക്കോടന്‍ മണ്ണില്‍ നിന്നാണ് പിറവിയെടുത്തത്. വൈക്കം മുഹമ്മദ് ബഷീറും, എം.ടിയും, പൊറ്റക്കാടും, തിക്കോടിയനും, യു.എ.ഖാദറുമെല്ലാം അതിലെ പ്രധാനികളാണ്.
എന്നുമെന്നും സാഹിത്യ പ്രവര്‍ത്തനങ്ങളെ മാറോടണച്ച നഗരമാണ് കോഴിക്കോട്. നവാഗതരായ എഴുത്തുകാര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കുന്ന നഗരം കൂടിയാണിത്. നഗര സായാഹ്നങ്ങളില്‍ തുടരെ, തുടരെ നടക്കുന്ന ഒന്നാണ് പുസ്തക പ്രകാശനവും, പുസ്തക ചര്‍ച്ചകളും എന്നിത്യാദി സാഹിത്യ പ്രവര്‍ത്തനങ്ങള്‍. അന്താരാഷ്ട്ര തലത്തിലുള്ള ബുക്ക് ഫെയറുകളും, സാംസ്‌കാരികോത്സവങ്ങളും നഗരത്തെ കൂടുതല്‍ വിജ്ഞാന പ്രദമാക്കാറുണ്ട്. സാഹിത്യാദി കലകള്‍ക്കും ഏറെ പ്രചാരണം നല്‍കുന്ന നാടാണ് കോഴിക്കോട്.
യുനെസ്‌കോ പുതുതായി തിരഞ്ഞെടുത്ത 55 സര്‍ഗാത്മക നഗരങ്ങളില്‍ ഒന്നാണ് കോഴിക്കോട്. ഇനി മുതല്‍ ലോക സാഹിത്യ ഭൂപടത്തില്‍ കോഴിക്കോടിന്റെ നാമവും തിളങ്ങും. അന്താരാഷ്ട്ര തലത്തിലുള്ള എഴുത്തുകാര്‍, അവരുടെ കൃതികള്‍ കോഴിക്കോടന്‍ ദിനങ്ങളില്‍ ഇഴുകിച്ചേരും. വലിയ സാധ്യതയാണ് നമുക്ക് തുറന്ന് കിട്ടിയിട്ടുള്ളത്. നമ്മുടെ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും, എഴുത്തുകാര്‍ക്കും വിദേശ സന്ദര്‍ശന അവസരങ്ങളും, കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്കും ഇതു വഴിയൊരുക്കും. വിദേശത്തെ പ്രമുഖരായ എഴുത്തുകാര്‍ കോഴിക്കോട്ടെത്തും. അവരുടെ കൃതികളുടെ മൊഴിമാറ്റമടക്കമുള്ള കാര്യങ്ങള്‍ നമ്മുടെ നഗരത്തില്‍ നടക്കും.
കോഴിക്കോടിന്റെ സാധ്യതകള്‍ യുനെസ്‌കോയുടെ മുന്‍പിലെത്തിക്കാന്‍ കോര്‍പ്പറേഷന്‍ ഭരണകൂടവും, കിലയും, എന്‍ഐടി, ഐഐഎം എന്നീ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് ഏറെ അഭിന്ദനാര്‍ഹമാണ്. വിശ്വ സാഹിത്യത്തിന്റെ വഴിയില്‍ വലിയൊരു അവസരമാണ് നമുക്ക് കൈവന്നിട്ടുള്ളത്.നമ്മുടെ സാഹിത്യ പ്രവര്‍ത്തനം കൂടുതല്‍ മഹത്തരമാക്കാനും, ലോക സാഹിത്യത്തിന്റെ വശങ്ങള്‍ മനസ്സിലാക്കാനും അതിലൂടെ മുന്നേറാനും ലഭിച്ച ഈ അവസരം ഉപയോഗിക്കുകയും, സാഹിത്യ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനും കോഴിക്കോടിന് സാധിക്കട്ടെ.