ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

ഷാര്‍ജ : പ്രവാസമണ്ണില്‍ വായന പരത്തിക്കൊണ്ട് 42-ാമത് ഷാര്‍ജ അന്താരാഷ്ട പുസ്തകോത്സവത്തിന് തുടക്കമായി.മേളയുടെ വരവറിയിച്ച് ഷാര്‍ജയിലെ പ്രധാനറോഡുകളിലെല്ലാം ദിവസങ്ങള്‍ക്കുമുന്‍പേ അലങ്കരിച്ചു. അല്‍ മജാസ് കോര്‍ണീഷില്‍ ‘ഞങ്ങള്‍ പുസ്തകങ്ങളെക്കുറിച്ച് പറയുന്നു’ എന്ന ആശയത്തെ ഓര്‍മിപ്പിക്കുന്ന ആവിഷ്‌കാരങ്ങളും സ്ഥാപിച്ചിട്ടുണ്ട്. യു.എ.ഇ. യുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നും നിരവധി സന്ദര്‍ശകര്‍ മേളയിലെത്തുന്നുണ്ട്. ഇനിയുള്ള 12 ദിവസങ്ങളിലും ലക്ഷക്കണക്കിന് ആളുകളാണ് അക്ഷരനഗരിയിലെത്തുക.

മേളയിലെ സ്റ്റാളുകളില്‍ ലക്ഷക്കണക്കിന് ശീര്‍ഷകങ്ങള്‍ നിരന്നുകഴിഞ്ഞു. കുട്ടികള്‍ക്കായി വേറിട്ട പുസ്തകങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ പവിലിയനിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് ഒട്ടുമിക്ക കൃതികളും പ്രകാശനം ചെയ്യപ്പെടുക. പ്രവാസികളായ നൂറുകണക്കിന് പുതിയ എഴുത്തുകാര്‍ക്കും തങ്ങളുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്.

കേരളപ്പിറവിയോടനുബന്ധിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തുടക്കമിട്ട കേരളീയത്തില്‍ രണ്ടാമത് നിയമസഭാ പുസ്തകോത്സവവും നടന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ് എല്ലാവരും എഴുതാനും വായിക്കാനും സാധിക്കുന്ന നാടായി കേരളം മാറിയെന്നുള്ളത്.
അതിന്റെ ഭാഗമായാണ് കേരള സാംസ്‌കാരികവകുപ്പ് ‘എവിടെ മലയാളിയുണ്ടോ അവിടെയെല്ലാം മലയാളം’ എന്ന ആശയത്തിലൂടെ മലയാളം മിഷന്‍ പദ്ധതിയും ആരംഭിച്ചത്. ഏറ്റവുംകൂടുതല്‍ മലയാളികളുള്ള ഗള്‍ഫില്‍ മലയാളം മിഷന്‍ പദ്ധതി വലിയ വിജയമാണെന്ന് പറയാം. യു.എ.ഇ. യില്‍ വിവിധ ചാപ്റ്ററുകളിലായി മലയാളം മിഷന്‍ പ്രവര്‍ത്തിക്കുന്നു. പ്രവാസ മലയാളം ഏറ്റവുംകൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാലത്താണ് കേരളപ്പിറവിയും ആഘോഷിക്കുന്നത്. കേരളപ്പിറവിയുടെ ഭാഗമായി തിരുവനന്തപുരത്ത് നിയമസഭാ പുസ്തകോത്സവം ആരംഭിക്കുന്ന ദിവസംതന്നെയാണ് ഷാര്‍ജയില്‍ 42 – മത് അന്താരാഷ്ട്ര പുസ്തകോത്സവത്തിനും ആരംഭം കുറിച്ചത്. ആയിരക്കണക്കിന് മലയാള പുസ്തകങ്ങളാണ് 12 ദിവസത്തിനുള്ളില്‍ വിറ്റുപോകുന്നത്. മാത്രമല്ല വലിയ രീതിയില്‍ മലയാളം ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു. എഴുത്തും വായനയും സൃഷ്ടിച്ച ‘മലയാള നവോഥാനം’ പ്രവാസനാടുകളിലും മലയാളികള്‍ സംവദിക്കുന്ന കാലമാണിത്.

അതിനാല്‍ ഷാര്‍ജ പുസ്തകോത്സവത്തിന്റെ തുടക്കം കേരളപ്പിറവിദിനംകൂടിയായ ഇരട്ടി സന്തോഷത്തിലാണ് പ്രവാസി മലയാളികള്‍.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *