കേരളമെന്ന മധുരത്തിന് ഇന്ന് 67

ഐക്യ കേരളത്തിന്റെ കാഹള നാദം മുഴങ്ങാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് അറുപത്തേഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 67-ാം പിറന്നാള്‍ തികയുന്ന ഐശ്വര്യ സമൃദ്ധമായ നമ്മുടെ മലയാള നാടിന്റെ മനോഹാരിതയില്‍ നമുക്കെല്ലാം ഏകോദരസഹോദരങ്ങളെപോലെ മധുരം നുണയാം. ഭാഷാപിതാക്കന്മാര്‍ ഊട്ടി വളര്‍ത്തിയ മലയാളമെന്ന ഭാഷ ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുകയാണ്. കഴിഞ്ഞുപോയ 67 വര്‍ഷങ്ങളും അതിനു മുന്‍പ് ഐക്യ കേരളം സൃഷ്ടിക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഓര്‍ത്ത്‌കൊണ്ടായിരിക്കണം നമ്മുടെ മുന്നോട്ടുള്ള പ്രയാണം. രാജ്യ സ്വാതന്ത്ര്യത്തിന് ശേഷവും ഐക്യ കേരളം രൂപപ്പെടാനുണ്ടായ തടസ്സങ്ങള്‍ കേരളീയ സമൂഹം തട്ടിമാറ്റിയാണ് നമ്മള്‍ ഇന്നത്തെ രൂപത്തിലെത്തിയത്. അതിനും മുന്‍പ് കേരളീയ സമൂഹത്തില്‍ നടമാടിയിരുന്ന കൊളളരുതായ്മകള്‍ക്കെതിരെ പൂര്‍വ്വ സൂരികള്‍ നടത്തിയ സാമൂഹിക നവോത്ഥാനമാണ് ഇന്നത്തെ കേരളത്തിന്റെ അടിത്തറ. പ്രഥമ സര്‍ക്കാരുകള്‍ മുതല്‍ മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം വലിയ മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കിയത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ കേരളം ലോകത്തിന് മാതൃകയായി നിലകൊള്ളുന്നുണ്ടെങ്കില്‍ അത് നമ്മുടെ മഹാന്മാരായ ഭരണാധികാരികള്‍ നടത്തിയ ദിശാപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് കാണാം. നമുക്ക് വികസനത്തിന്റെയും, പുരോഗതിയുടെയും ഒരു കേരളം കെട്ടിപ്പടുത്ത് തന്ന ഭരണാധികാരികളെ ഈ സുദിനത്തില്‍ ഓര്‍ക്കാം.
എല്ലാ നന്മകളെയും എക്കാലവും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നവരാണ് മലയാളികള്‍. മാതൃ ഭാഷയുടെ കാര്യത്തിലായാലും, സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലും നാമിന്ന് ബഹുദൂരം മുന്‍പിലാണ്. ഉന്നതമായ സര്‍വ്വകലാശാലകളും പ്രതിജ്ഞാബദ്ധരായ അധ്യാപക സമൂഹവും നമുക്കുണ്ട്. ആരോഗ്യ രംഗത്ത് വലിയ പുരോഗതി നമുക്ക് നേടാനയിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ മുഴുവന്‍ ജനങ്ങള്‍ക്കും അതിന്റെ ഗുണഫലം പൂര്‍ണ്ണമായി ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഇനിയും ആവശ്യമാണ്.
കാര്‍ഷിക രംഗത്ത് സര്‍ക്കാര്‍ നന്നായി ശ്രദ്ധിക്കണം. കര്‍ഷകരെ സംരക്ഷിക്കാനും, ഭക്ഷ്യ സ്വയം പര്യാപ്തത നേടിയെടുക്കാനും എല്ലാവരും കൂട്ടായി ഇടപെടണം. നേട്ടങ്ങള്‍ക്കിടയില്‍ പോരായ്മകളുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുകയും, പരിഹരിക്കാന്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ ഇടപെടണം. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് മുന്‍തൂക്കം കൊടുക്കാന്‍ എല്ലാവരും ഒന്നിക്കണം. പുത്തന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും, പരമ്പരാഗത മൂല്യങ്ങള്‍ നിലനിര്‍ത്തുകയും വേണം. ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു കേരളത്തില്‍ സാഹോദര്യവും, ജനാധിപത്യവും, ഐക്യവും മുറുകെ പിടിച്ച് മുന്നേറാന്‍ നമുക്ക് സാധിക്കണം.

Share

Leave a Reply

Your email address will not be published. Required fields are marked *