വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. ഇതിന്റെ ഭാഗമായി വെരിഫൈഡ് ഉപയോക്താക്കളുടെ ഉള്ളടക്കങ്ങള്‍ മാത്രം കാണിക്കുന്ന ഫീഡ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഫോളോയിങ്, ഫേവറേറ്റ്‌സ് എന്നീ ഫീഡുകളാണുള്ളത്.
മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസിന്റെ ഭാഗമായാണ് ഫീച്ചര്‍. ഉപയോക്താക്കളുടെ ഐഡന്റിറ്റി തിരിച്ചറിഞ്ഞ് അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ സേവനം. പ്രമുഖ വ്യക്തികള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ബ്രാന്‍ഡുകള്‍ എന്നിവയുടെ പോസ്റ്റുകളാണ് പ്രത്യേക ഫീഡില്‍ ലഭിക്കുക.
പെയ്ഡ് വെരിഫൈഡ് ഉപയോക്താക്കളുടെ പോസ്റ്റുകള്‍ കൂടുതല്‍ പേര്‍ കാണുന്നതിനായാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പെയ്ഡ് വെരിഫിക്കേഷന്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് മെറ്റയുടെ അധിക സേവനത്തിനൊപ്പം വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്കും ലഭിക്കും.