കോഴിക്കോട്: സ്വാതന്ത്ര്യ സമര നായകനും, എഐസിസി പ്രസിഡണ്ടും, ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുല്‍കലാം ആസാദിന്റെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടി രൂപീകരിച്ച മൗലാനാ അബുല്‍കലാം ആസാദ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം നവംബര്‍ 11ന് നടക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡണ്ട് എം.എം.ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 11ന് വൈകിട്ട് 4 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി.വേണുഗോപാല്‍ നിര്‍വ്വഹിക്കും. എം.എം.ഹസ്സന്‍ അധ്യക്ഷത വഹിക്കും. എം.എന്‍.കാരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും. കെ.മുരളീധരന്‍.എം.പി, എം.കെ.രാഘവന്‍ എം.പി, ടി.സിദ്ദീക്ക് എം.എല്‍.എ, കെ.പ്രവീണ്‍കുമാര്‍, പി.എം.നിയാസ്, കെ.ജയന്ത്, കെ.സി.അബു, എന്‍.സുബ്രഹ്‌മണ്യന്‍, കെ.പി.നൗഷാദലി, അഡ്വ.എം.രാജന്‍ എന്നിവര്‍ പ്രസംഗിക്കും.
ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുകയും കേന്ദ്ര സാഹിത്യ അക്കാദമി അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് അസ്ഥിവാരമിടുകയും ചെയ്ത അബുല്‍കലാം അടക്കമുള്ള ദേശീയ നേതാക്കളെ തമസ്‌ക്കരിച്ച് വിദ്യാഭ്യാസ-സാഹിത്യ-ചരിത്ര മേഖലകളെ വര്‍ഗ്ഗീയ വല്‍ക്കരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ചെറുക്കുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് എം.എം.ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.