എപ്പോഴും ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നവരാണോ?.. എങ്കില്‍ ഇക്കാര്യം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

എപ്പോഴും ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നവരാണോ?.. എങ്കില്‍ ഇക്കാര്യം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

പണമിടപാട് നല്ലൊരു ശതാമനവും ഇപ്പോള്‍ ഓണ്‍ലൈനിലൂടെയാണ്. എത്ര ചെറിയ ആവശ്യങ്ങള്‍ക്ക് പോലും ഗൂഗിള്‍ പേ വഴി സ്‌കാന്‍ ചെയ്ത് പണമയക്കുന്നതാണ് മലയാളികളുടെ പതിവ് ശീലം. കാര്യം കൂടുതല്‍ എളുപ്പമാണെങ്കിലും് ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഉപയോക്താക്കളുടെ പേയ്‌മെന്റ് അനുഭവം മെച്ചപ്പെടുത്താന്‍ ഏതാനും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

അപരിചിതമായ പേയ്‌മെന്റ് അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാതിരിക്കുക

യുപിഐ ആപ്ലിക്കേഷനുകളിലൂടെ മറ്റൊരു വ്യക്തിയോട് പേയ്‌മെന്റ് റിക്വസ്റ്റ് നടത്താനും സാധിക്കും. യുപിഐ പേയ്‌മെന്റ് റിക്വസ്റ്റ് ലഭിക്കുന്ന വ്യക്തി ഈ റിക്വസ്റ്റ് അപ്രൂവ് ചെയ്‌തെങ്കില്‍ മാത്രമെ പേയ്‌മെന്റ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയുള്ളൂ. പൊതുവെ, ഫേക്ക് ഐഡിയിലൂടെ ഡ്യൂപ്ലിക്കേറ്റ് രീതിയില്‍ റിക്വസ്റ്റുകള്‍ അയച്ച് തട്ടിപ്പ് നടത്തുന്നവരുണ്ട്. ഇക്കാരണത്താല്‍ പേയ്‌മെന്റ് റിക്വസ്റ്റുകളോട് പ്രതികരിക്കുമ്പോള്‍ റിക്വസ്റ്റ് വിവരങ്ങള്‍ വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്.

യുപിഐ ഐഡി വെരിഫിക്കേഷന്‍

പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ യുപിഐ ആപ്പില്‍ ഒറു കണ്‍ഫര്‍മേഷന്‍ പേജ് ഡിസ്‌പ്ലെ ചെയ്യപ്പെടും. ഇതില്‍ പണം സ്വീകരിക്കുന്ന വ്യക്തിയുടെ പേര്, യുപിഐ ഐഡി, വിനിമയം നടത്താന്‍ ഉദ്ദേശിക്കുന്ന തുക എന്നിവയാണ് കാണാന്‍ സാധിക്കുക. ഈ വിവരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചതിനു ശേഷം മാത്രം പേയ്‌മെന്റ് നടത്താന്‍ ശ്രദ്ധിക്കുക. ഐഡി ശരിയാണോ അല്ലയോ എന്നുറപ്പില്ലാത്ത സാഹചര്യത്തില്‍ 1 രൂപ പോലെയുള്ള ചെറിയ തുക വിനിമയം ചെയ്ത് യുപിഐ ഐഡി ശരിയാണെന്ന് ഉറപ്പു വരുത്തുക.

യുപിഐ വിനിമയ പരിധി

പ്രതിദിനം, വ്യക്തികള്‍ തമ്മില്‍ 1 ലക്ഷം രൂപവരെയാണ് യുപിഐ വഴി വിനിമയം ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ മെര്‍ച്ചന്റ് പേയ്‌മെന്റുകളില്‍ ക്രെഡിറ്റ് കാര്‍ഡ്, ഷെയര്‍ മാര്‍ക്കറ്റ് പേയ്‌മെന്റ് തുടങ്ങിയവയില്‍ 2 ലക്ഷം രൂപയാണ് പ്രതിദിന പരിധി. ഒരു ദിവസം 20 യുപിഐ വിനിമയങ്ങള്‍ നടത്താനാണ് അനുമതിയുള്ളത്. ഈ പരിധി കഴിഞ്ഞാല്‍, മറ്റൊരു വിനിമയം നടത്തുന്നതിനായി 24 മണിക്കൂര്‍ കാത്തിരിക്കേണ്ടതാണ്. എന്നാല്‍ ഈ പരിധി ബാങ്കുകള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കും.

യുപിഐ വഴിയുള്ള മെര്‍ച്ചന്റ് പേയ്‌മെന്റിന് ക്രെഡിറ്റ് കാര്‍ഡുപയോഗിക്കുക

മെര്‍ച്ചന്റ് പേയ്‌മെന്റുകള്‍ യുപിഐ വഴി നടത്തുന്നതിന് റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ഇതിനായി നിലവിലുള്ള റുപേ ക്രെഡിറ്റ് കാര്‍ഡ് യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇവിടെ ബാങ്ക്, ലിങ്ക് ചെയ്ത ക്രെഡിറ്റ് കാര്‍ഡ് എന്നിവ വഴിയാണ് ഫൈനല്‍ പേയ്‌മെന്റ് നടക്കുക. എന്നാല്‍ വ്യക്തികള്‍ക്കുള്ള പണം കൈമാറ്റം, ചെറിയ മെര്‍ച്ചന്റ്‌സിനുള്ള പേയ്‌മെന്റ് തുടങ്ങിയവയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

പരാജയപ്പെട്ട വിനിമയവും, ഡെബിറ്റ് ചെയ്ത തുകയും

ഏത് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാലും ടെക്‌നിക്കലായി എറര്‍ സംഭവിക്കാന്‍ സാധ്യത എല്ലായ്‌പ്പോഴുമുണ്ട്. ചില സമയങ്ങളില്‍ യുപിഐ വിനിമയം നടത്തുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പട്ടാലും, റിസീവറുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടെന്നു വരില്ല. പൊതുവെ ഉടന്‍ തന്നെ ഇത്തരം പേയ്‌മെന്റുകള്‍ റീഫണ്ട് ചെയ്ത് ലഭിക്കാറുണ്ട്. പരമാവധി 35 പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ റീഫണ്ട് ലഭിക്കും. എന്നാല്‍ വേഗത്തിലുള്ള പരിഹാരത്തിനായി ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി നല്‍കാം. എപ്പോഴും യുപിഐ വിനിമയങ്ങള്‍ ചെയ്യുന്നതിനു മുമ്പ് മൊബൈല്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വലിയ വിനിമയങ്ങള്‍ നടത്തുന്നതിനു മുമ്പ് 1 രൂപ/2 രൂപ പോലെ ചെറിയ ടിക്കറ്റ് തുക അയച്ചു നോക്കി വിനിമയം പരാജയപ്പെടുന്നില്ലെന്ന് ഉറപ്പാക്കാം. വിശ്വാസ്യതയുള്ള യുപിഐ ആപ്ലിക്കേഷനുകള്‍ മാത്രം ഉപയോഗിക്കുക, അവ എപ്പോഴും അപ്‌ഡേറ്റാക്കി സൂക്ഷിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *