കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനം പോലീസ് കസ്റ്റഡിയിലായ ഡൊമിനിക്ക് മാര്‍ട്ടിനെ വിശദമായി ചോദ്യം ചെയ്തു. യൂട്യൂബ് നോക്കി വീട്ടില്‍ വെച്ച് തന്നെയാണ് ഇയാള്‍ ബോംബ് നിര്‍മ്മിച്ചത് എന്ന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ യൂട്യൂബ് ഹിസ്റ്ററിയും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.
നാലിടത്തായി ബോംബ് സ്ഥാപിച്ച ശേഷം സ്‌ഫോടന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ വേണ്ടി പിന്‍നിരയിലാണിരുന്നതെന്നും ഇയാള്‍ പറയുന്നു. രണ്ട് ബാഗുകളിലായി ബോംബുകള്‍ സൂക്ഷിച്ച് പുലര്‍ച്ചെ അഞ്ച് മണിക്ക് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ബൈക്കില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തി നാലിടത്തായി ബോംബ് സ്ഥാപിച്ചുവെന്നാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
വിശ്വാസികള്‍ എല്ലാവരും പ്രാര്‍ഥനയിലായിരിക്കുമ്പോള്‍ ഇയാള്‍ പിന്‍നിരയില്‍ നിന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. മാത്രമല്ല, സംഭവസ്ഥലത്തെ പൊട്ടിത്തെറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഡൊമിനിക് മാര്‍ട്ടിന്‍ ഹാജരാക്കിയ ഓരോ തെളിവുകളും പോലീസ് കൃത്യമായി പരിശോധിക്കുന്നുണ്ട്. പലകടകളില്‍ നിന്നായിട്ടാണ് സ്‌ഫോടവസ്തുക്കള്‍ അടക്കം വാങ്ങിയിട്ടുള്ളത്. ഇവയുടെ എല്ലാ ബില്ലുകളും പോലീസിന് ഡൊമിനിക് നല്‍കി. താന്‍ ഒറ്റക്കാണ് ഈ കൃത്യം ചെയ്തതെന്നും മാര്‍ട്ടിന്‍ പോലീസിനോട് പറഞ്ഞു. ബോംബ് പൊട്ടിയതിന് ശേഷം ഇയാള്‍ ഇവിടെ നിന്ന് നേരെ ചാലക്കുടിയിലേക്കായിരുന്നു പോയത്. ചാലക്കുടിയില്‍ എത്തിയ ഇയാള്‍ മുറിയെടുത്ത ശേഷം വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഓരോന്നിന്റെയും തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പോലീസ്. ഇയാള്‍ പറഞ്ഞ കാര്യങ്ങളൊക്കെ പോലീസ് സ്ഥിരീകരിച്ചതായാണ് വിവരം.
ഇതുവരെ അറസ്റ്റ് റെക്കോര്‍ഡ് രേഖപ്പെടുത്തിയിട്ടില്ല. സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം.