കോഴിക്കോട്: ലഹരിക്കെതിരെ നവംബര്‍ 1ന് കാളൂര്‍ റോഡില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എന്‍.സി.മോയിന്‍ കുട്ടിയും കണ്‍വീനര്‍ വി.കെ.മൊയ്തീന്‍ കോയയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിരവധി വിദ്യാലയങ്ങളും, ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ആഴ്ചവട്ടം വാര്‍ഡില്‍ മദ്യ,മയക്ക് മരുന്ന് മാഫിയ പിടിമുറുക്കു വരികയാണ്. ഈ സാമൂഹിക വിപത്തിനെ ചെറുത്ത് തോല്‍പ്പിച്ചില്ലെങ്കില്‍ നമ്മുടെ തലമുറ നശിക്കും. സാമൂഹിക വിരുദ്ധ ശക്തികളെ ആഴ്ചവട്ടം വാര്‍ഡില്‍ നിന്ന് ഉന്മൂലനം ചെയ്യുന്നതിന് ജന പങ്കാളിത്തത്തോടെ വലിയ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നതെന്നവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യച്ചങ്ങല വൈകിട്ട് 4.45ന് ആരംഭിക്കും. 5 മണിക്ക് മേയര്‍ ബീന ഫിലിപ്പ് റാലിക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് എം.കെ.രാഘവന്‍.എം.പിയും, എളമരം കരീം എം.പിയും ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ.ബൈജുനാഥ് മുഖ്യ പ്രഭാഷണം നടത്തും. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ.ബൈജു ഐപിഎസ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. മനുഷ്യ ചങ്ങലക്ക് ശേഷം കാളൂര്‍ റോഡില്‍ ചേരുന്ന ബോധവല്‍ക്കരണ ക്ലാസ്സില്‍ വിമുക്തി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട് സംസാരിക്കും. കാളൂര്‍ റോഡ് മുതല്‍ മാങ്കാവ് വരെയാണ് മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ തിലകരാജ്, ഇ.കെ.സന്തോഷ്‌മെന്‍.കെ, സര്‍ജാസ്.സി, ബി.കെ.പ്രേമന്‍, പി.പി.ഷിജു, അബ്ദുല്‍ മനാഫ്, വി.കെ.മുഹമ്മദ് ഹനീഫ, കെ.വി.സുബ്രഹ്‌മണ്യന്‍ എന്നിവരും പങ്കെടുത്തു.