കളമശേരി സ്‌ഫോടനം: ഒരാള്‍ കീഴടങ്ങി

കളമശേരി സ്‌ഫോടനം: ഒരാള്‍ കീഴടങ്ങി

കൊച്ചി: കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വച്ചെന്ന് അവകാശപ്പെട്ട് ഒരാള്‍ തൃശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊച്ചി സ്വദേശിയായ മാര്‍ട്ടിന്‍(48) ആണ് കീഴടങ്ങിയത്.താനാണ് ബോംബ് വെച്ചതെന്ന് ഇയാള്‍ സ്‌റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു.ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു നീല കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. പ്രാര്‍ഥനയ്ക്ക് മുന്‍പായി ഒരു നീല കാര്‍ അതിവേഗം കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

അതേസമയം, സ്‌ഫോടനത്തിന്റെ അന്വേഷണ ചുമതല നാഷണല്‍ സെക്യൂരിറ്റി ഗ്വാര്‍ഡിനും (എന്‍ എസ് ജി), നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കും (എന്‍ ഐ എ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൈമാറി. ഇന്ന് വൈകുന്നേരത്തോടെ എന്‍ എസ് ജിയുടെ എട്ടംഗ സംഘം കേരളത്തിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച അമിത് ഷാ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സ്ഫോടനത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും ഡിജിപി പറഞ്ഞു. രണ്ടായിരത്തിലേറെ ആളുകള്‍ കൂടുന്ന ഒരു പ്രാര്‍ഥനാ യോഗത്തിലേക്ക് കടന്നുകയറി വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചു സ്ഫോടനം നടത്താന്‍ വ്യക്തമായ ആസൂത്രണം വേണമെന്നും ഇക്കാര്യത്തില്‍ ഗൗരവതരമായ അന്വേഷണം നടത്തുമെന്നും ഡിജിപി അറിയിച്ചു.

കളമശേരി സ്ഫോടനം: പൊട്ടിത്തെറിച്ചത് ടൈം ബോംബ്

കൊച്ചി:കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഉപയോഗിച്ചത് ടൈമര്‍ ബോംബെന്ന് പോലീസ് സ്ഥിരീകരണം. സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ എന്‍എസ്ജി ബാലിസ്റ്റിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ടൈമര്‍, ബാറ്ററി അവശിഷ്ടം, അമോണിയം നൈട്രേറ്റിന്റെ സാന്നിദ്ധ്യം എന്നിവ കണ്ടെത്തിയതായി പോലീസ്.

വിദൂരനിയന്ത്രണ സംവിധാനം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ഇതോടെ വ്യക്തമായി. അമോണിയം നൈട്രേറ്റിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ആസൂത്രിത സ്ഫോടനമാണ് നടന്നതെന്നും വ്യക്തമായി.

നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് വ്യക്തമായതോടെ കളമശേരിയില്‍ ഇതിനു മുമ്പ് നടന്ന ഇത്തരം സംഭവങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്കും അന്വേഷണം നീളുമെന്നും ഡിജിപി പറഞ്ഞു. ഇതിനു മുമ്പ് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കളക്ട്രേറ്റില്‍ സമാന രീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ എറണാകുളത്തും മറ്റു ജില്ലകളിലുമുള്ള റെയില്‍വേ സ്റ്റേഷന്‍ ബസ് സ്റ്റാന്‍ഡ് അടക്കമുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ പോലീസ് പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *