കൊച്ചി: കളമശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ ഡൊമിനിക് മാര്‍ട്ടിന്‍ എന്ന് സ്ഥിരീകരിച്ച് പോലീസ്. ഡൊമിനിക്കിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസിന്റെ സ്ഥിരീകരണം. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഡൊമിനിക് സ്‌ഫോടനം നടത്തിയതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്ന് ലഭിച്ചതായും പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഡൊമിനിക്കിനെ തിരിച്ചറിയാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു.
ഇന്റര്‍നെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത്. സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളെക്കുറിച്ചും പോലീസിനു വിവരം ലഭിച്ചു. ആറു മാസം മുന്‍പേ ബോംബ് ഉണ്ടാക്കാനുള്ള തയാറെടുപ്പ് മാര്‍ട്ടിന്‍ തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം.
ഇയാളെ കസ്റ്റഡിയിലെടുത്ത് കളമശേരി പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സ്‌ഫോടനത്തിനു പിന്നില്‍ താനാണെന്ന് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിനുശേഷമാണ് മാര്‍ട്ടിന്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
യഹോവ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും ഡൊമിനിക് വീഡിയോയിലൂടെ ആരോപിച്ചിരുന്നു. താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയാറാകാത്തതിനാലാണ് സ്‌ഫോടനം നടത്തിയതെന്നും ഡൊമിനിക് പറയുന്നു.