L ബോര്‍ഡ് പതിപ്പിച്ച വാഹനം മുന്നില്‍ കണ്ടാല്‍ പുച്ഛഭാവമാണ് പലര്‍ക്കും. ഇനി എപ്പോള്‍ പോവാനാ ഇഴഞ്ഞ് ഇഴഞ്ഞ് എന്നൊക്കെ പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. പിന്നീട് അമിത ഹോണടിയും…. എന്നാല്‍ ഒരിക്കല്‍ നാമും ലേണേഴ്‌സ് ഡ്രൈവിംഗ് ലൈസന്‍സിന് ഉടമയായിരുന്നുവെന്ന് ഓര്‍മിപ്പിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
ലേണേഴ്‌സ് ചിഹ്നമായ L സ്റ്റിക്കറുള്ള ഒരു വാഹനം റോഡില്‍ കാണുമ്പോള്‍ അപ്രതീക്ഷിതമായി റോഡ് നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ചലനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്, ആ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്‌തേക്കാം എന്ന് കരുതിക്കൊണ്ട്, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് തോന്നിക്കുന്ന കുറഞ്ഞ വേഗതയില്‍ ആയിരിക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കാതെ, ഇന്‍ഡിക്കേറ്ററും സിഗ്‌നലും കാണിക്കാന്‍ ചിലപ്പോള്‍ മറന്നുപോയേക്കാം എന്ന് മുന്‍കൂട്ടി കണ്ടു കൊണ്ട് നമ്മളാണ് കരുതല്‍ പാലിക്കേണ്ടത്.
അവരില്‍ നിന്നും അകലം പാലിച്ചും, ഹോണ്‍ മുഴക്കി അവരെ പരിഭ്രാന്തരാക്കാതെയും കളിയാക്കലുകളും ആക്രോശങ്ങളും ഒഴിവാക്കിക്കൊണ്ടും അനുതാപത്തോടെ അവരെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടും നമുക്കും മഹത്തായ മാതൃകകള്‍ സൃഷ്ടിക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ എംവിഡി കുറിച്ചു.