കോഴിക്കോട്: കേരള പാരാമെഡിക്കല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന കണ്‍വെന്‍ഷന്‍ നാളെ (ഞായര്‍) കാലത്ത് 9 മണിക്ക് ഗുജറാത്തി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരള പാരമെഡിക്കല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ശരീഫ് പാലോളി അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ടി.പി.രാമകൃഷ്ണന്‍, കാനത്തില്‍ ജമീല എന്നിവര്‍ മുഖ്യാതിഥികളാവും. വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ നേരും. സമാപന സമ്മേളനം മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവന്‍ എം.പി, നജീബ് കാന്തപുരം എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാവും. സംസ്ഥാന സര്‍ക്കാര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മിനിമം സ്റ്റാന്‍ഡേര്‍ഡ് നിര്‍ദ്ദേശങ്ങളിലെ അശാസ്ത്രീയത ഏഴായിരത്തോളം വരുന്ന സ്ഥാപനങ്ങളേയും അമ്പതിനായിരത്തോള് വരുന്ന മെഡിക്കല്‍ ടെക്‌നീഷ്യമാരുടെയും തൊഴില്‍ സുരക്ഷ തകര്‍ക്കുന്നതാണ്. ഇക്കാര്യത്തില്‍ മെയ് 31ന് ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ നയം ഈ മേഖലയിലേക്ക് കുത്തക സ്ഥാപനങ്ങളുടെ കടന്ന് വരവിനിടയാക്കും. പൊതുജനാരോഗ്യ രംഗത്ത് കേരളത്തിന്റെ മികവിന്റെ കാരണക്കാരായ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടപ്പെട്ടാല്‍ ജനങ്ങള്‍ ദുരിതത്തിലാവും. കുത്തകകള്‍ ഈ രംഗം കയ്യടക്കിയാല്‍ ചുരുങ്ങിയ ചിലവില്‍ ചെയ്യുന്ന ലാബ്‌ടെസ്റ്റുകളടക്കം വലിയ തുക മുടക്കേണ്ടി വരും. ലാബടക്കമുള്ള മേഖലകളില്‍ ഏറിയ പങ്കും വനിതകളാണ് തൊഴിലെടുക്കുന്നത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത്, പ്രായോഗികമായ തീരുമാനത്തിലേക്കെത്തണം. ഒരു പറ്റം ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നിടത്തേക്ക് പോകരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ.ബാബു, എസ്.വിജയന്‍പിള്ള, അബ്ദുല്‍ അസീസ് അരീക്കര, പി.കെ.രജീഷ്‌കുമാര്‍, സലീം മുക്കാട്ടില്‍, ശരീഫ് പാലോളി പങ്കെടുത്തു.