ഷവര്‍മ ഈയടുത്ത കാലങ്ങളിലായി വലിയ വാര്‍ത്തയായി മാറിയത് അത് കഴിച്ചത് മൂലമുള്ള മരണം കാരണമാണ്. ആദ്യമേ പറയട്ടെ ഷവര്‍മ കൃത്യമായ മാനദണ്ഡങ്ങളോടെ തയ്യാറാക്കിയാല്‍ കഴിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും വരില്ല.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുര്‍ക്കിയില്‍ ഉടലെടുത്ത ഷവര്‍മ കേരളത്തിലെത്തിയിട്ട് കാല്‍ നൂറ്റാണ്ടേ ആയിട്ടുള്ളൂ. ഗള്‍ഫ് നാടുകളില്‍ നിന്നാണ് ഷവര്‍മ കേരളത്തിലെത്തിയതെന്നാണ് കരുതപ്പെടുന്നത്. 18-ാം നൂറ്റാണ്ടിലാണ് ഷവര്‍മ ഇന്ന് കാണുന്ന രൂപത്തിലായത്.
ഷവര്‍മ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
എല്ലാവര്‍ക്കും ഉണ്ടാക്കാവുന്ന ഒരു ഭക്ഷണമല്ല ഷവര്‍മ. ഇത് പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പല ഘടകങ്ങളുണ്ട്. ഒന്നാമതായി തുറസ്സായ സ്ഥലത്ത് ഷവര്‍മ പാചകം ചെയ്യരുത്. ഇറച്ചി വേവേനെടുക്കുന്ന സമയത്തെക്കുറിച്ച് പാചകക്കാരന് കൃത്യമായ അറിവുണ്ടാകണം. നന്നായി വേവിച്ച മാംസം മാത്രമേ ഉപയോഗിക്കാവൂ. പഴകിയ മാംസം ഒരു കാരണ വശാലും ഉപയോഗിക്കരുത്.
കറങ്ങുന്ന കമ്പിയില്‍ കോര്‍ത്തിട്ട ഇറച്ചി റോസ്റ്റ് ചെയ്ത് കത്തികൊണ്ട് അരിഞ്ഞിട്ടാണ് ഷവര്‍മ തയ്യാറാക്കുന്നത്. ബ്രഡ്ഡ്, കുബ്ബൂസ്, റുമാലി റൊട്ടിയൊക്കെയാണ് ഷവര്‍മയുടെ കൂടെ ഉപയോഗിക്കുന്നത്.
ഷവര്‍മ വില്ലനാകുന്നത് എപ്പോള്‍
ഇറച്ചി പൂര്‍ണ്ണമായും വേവാതിരിക്കുകയും ഭാഗികമായി വേവിച്ച ഇറച്ചി തണുപ്പിക്കുകയും വീണ്ടും എടുത്ത് ചൂടാക്കി ഉപയോഗിക്കുക, ഇത് ആവര്‍ത്തിച്ച് വരുമ്പോള്‍ ഈ ഇറച്ചിയില്‍ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു. ഈ ബാക്ടീരിയ ബോട്ടുലിനം ടോക്‌സിന്‍ എന്ന വിഷാംശം ഉല്‍പാദിപ്പിക്കാന്‍ കാരണമാകുന്നു.. ഉയര്‍ന്ന ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി ക്ലോസ്ട്രിഡിയം ബാക്ടീരികള്‍ക്കില്ല. അതുകൊണ്ട് തന്നെ ഇറച്ചി നല്ലപോലെ വേവിച്ച ശേഷം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇതില്‍ ചേര്‍ക്കുന്ന പച്ച മുട്ട ചേര്‍ത്ത മയോണൈസും വില്ലനാകാറുണ്ട്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഇത്തരം മയോണൈസ് വിലക്കിയത്.
ഇതില്‍ ഉപയോഗിക്കുന്ന ചിക്കന്‍, ബ്രഡ്ഡ്, മറ്റു പച്ചക്കറികള്‍ ഇവയെല്ലാം ചേരുമ്പോള്‍ അത്യാവശ്യം പ്രോട്ടീന്‍ ലഭിക്കുന്ന ഒരു ഭക്ഷ്യ വിഭവമാണ് ഷവര്‍മ. എന്നാല്‍ ചേരുവയുടെ അളവില്‍ വരുന്ന മാറ്റം പ്രോട്ടീനിലും വ്യത്യാസം വരുത്താം.
ഭക്ഷണ രീതിയില്‍ വലിയ മാറ്റത്തിനാണ് മലയാളികള്‍ വിധേയമായിക്കൊണ്ടിരിക്കുന്നത്. വീട്ടിലെ അടുക്കളയെ വെറുതെ വിട്ട് പുറം തീറ്റ സംസ്‌കാരം കൂടി വരികയാണ്. ഷവര്‍മയായാലും മറ്റ് പുറം ഭക്ഷണമായാലും മിതപ്പെടുത്തുകയും, പരമാവധി വീട്ടിലെ ഭക്ഷണം കഴിക്കുകയും ചെയ്താല്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യ വിഷബാധയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും. ഹോട്ടലുകളിലും മറ്റും ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിരീക്ഷിച്ചാല്‍ പൊതുജനാരോഗ്യം കൂടുതല്‍ ഭദ്രമാകും.