കോഴിക്കോട്: ജില്ലയിലെ തരിശു ഭൂമികളില്‍ കൃഷി ആരംഭിക്കാനും, കാര്‍ഷികോല്‍പാദനത്തില്‍ മുന്നേറ്റമുണ്ടാക്കുന്നതിനുമായി കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ 2023 നവംബര്‍ 1 മുതല്‍ 2024 നവംബര്‍ 1 വരെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കേരള കര്‍ഷക സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തരിശു രഹിത കോഴിക്കോട് കര്‍മ്മ പദ്ധതി പ്രഖ്യാപനവും പ്രതിജ്ഞാ ഉദ്ഘാടനവും നവംബര്‍ 1ന് വൈകിട്ട് 5 മണിക്ക് മുതലക്കുളത്ത് ആള്‍ ഇന്ത്യാ കിസാന്‍ സഭ ദേശീയ വൈസ് പ്രസിഡണ്ട്് ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
അന്നേ ദിവസം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 25 സെന്റില്‍ കുറയാത്ത തരിശു ഭൂമി കൃഷിയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. എല്ലാ പഞ്ചായത്തുകളിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, സഹകരണ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും, മറ്റ് സഹോദര സംഘടനകളെയും കൂട്ടിച്ചേര്‍ത്ത് രൂപീകരിക്കുന്ന സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടക്കുക. ജില്ലയില്‍ നിലവില്‍ 2862 ഹെക്ടര്‍ ഭൂമി തരിശായി കിടക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. നമ്മുടെ പരമ്പരാഗത കൃഷി രീതികളെ തിരിച്ചു പിടിക്കുകയും, പച്ചക്കറി, നെല്‍കൃഷി വ്യാപിപ്പിക്കുകയും ഇതുവഴി സാധ്യമാകും. കേരളത്തില്‍ ലഭ്യമായിരുന്ന നൂറുകണക്കിന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ അന്വേഷിച്ചാല്‍ പോലും കണ്ടെത്താനാവാത്ത അവസ്ഥയാണ്. താളും, തകരയും, തഴുതാമയും, ചേനയും, ചേമ്പും, കാവിത്തും, നൂറ്റുകിഴങ്ങും നമ്മുടെ പ്രധാന ഭക്ഷ്യ വിഭവങ്ങളായിരുന്നെന്ന് ഇന്ന് പുതു തലമുറക്കറിയില്ല. ജീവന്‍ നിലനിര്‍ത്താനുള്ള പച്ചക്കറികള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനറുതി വരുത്തുകയും, നമ്മുടെ കാര്‍ഷിക പൈതൃകം തിരിച്ചു പിടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 2016ല്‍ 80% പച്ചക്കറികളും പുറത്ത് നിന്ന് വാങ്ങിയിരുന്ന സാഹചര്യം മാറുകയും ഇന്ന് 46% പച്ചക്കറികളും നമ്മള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പുതിയ തലമുറയെ കൃഷിയിലേക്ക് കൈപിടിച്ച് നയിക്കുക എന്നതും നമ്മുടെ കടമയാണെന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.മെഹബൂബ്, പി.വിശ്വന്‍ മാസ്റ്റര്‍, ബാബു പറശ്ശേരി, ഉള്ളൂര്‍ ദാസന്‍, പ്രേംകുമാര്‍.ഇ, ഷിജു മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.