അബുദാബി: ശൈത്യകാലമായതോടെ ദുബായില്‍ ടൂറിസം രംഗം സജീവമാകും. ഇതോടെ സഞ്ചാരികളുടെ ഒഴുക്കും ആരംഭിക്കും. ഹോട്ടല്‍ ബിസിനസിലാണ് വലിയ ഉണര്‍വ്വുണ്ടാവുക. വിനോദ സഞ്ചാരികളുടെ വരവ് മുന്നില്‍ കണ്ട് നിരവധി ഹോട്ടലുകളില്‍ തൊഴിലാളികളെ നിയമിച്ച് തുടങ്ങിയിട്ടുണ്ട്. ഹോട്ടലുകളില്‍ വലിയ ജോലി സാധ്യതയാണ് ടൂറിസം കാലത്തുള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പാര്‍ട്ട് ടൈം ജീവനക്കാരെ നിയോഗിച്ചുകൊണ്ടാണ് തങ്ങള്‍ തൊഴില്‍ ക്രമങ്ങള്‍ പരിഷ്‌ക്കരിക്കാറുള്ളതെന്ന് റിക്‌സോസ് ബാബ് അല്‍ ബഹര്‍ ഹോട്ടലിലെ ടാലന്റ് ആന്റ് കള്‍ച്ചറല്‍ ഡയറക്ടര്‍ ഇന്തിയാജ് മൊണ്ടല്‍ പറഞ്ഞു .
പാര്‍ട്ട് ടൈം ജോലി ലഭിക്കുന്ന ഒരാള്‍ക്ക് അവരുടെ ജോലിക്കനുസരിച്ച് ഏകദേശം 5000 ദിര്‍ഹം മുതല്‍ പതിനായിരം ദിര്‍ഹം വരെ ലഭിക്കാം. മണിക്കൂര്‍ അടിസ്ഥാനത്തിലും, ദിവസ വേതനത്തിലും ആളുകള്‍ ജോലി ചെയ്യാറുണ്ട്. യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഇന്റേണ്‍ഷിപ്പുകളും ഹോട്ടലുകള്‍ പരിഗണിക്കാറുണ്ട്. ഹൗസ് കീപ്പിംഗ്, സ്റ്റിവാര്‍ഡിംഗ്, എഫ് ആന്റ് ബി, അതിഥി സേവനങ്ങള്‍, റിസപ്ഷനിസ്റ്റുകള്‍, പബ്ലിക് അറ്റന്‍ഡന്റുകള്‍, ലൈഫ് ഗാര്‍ഡുകള്‍ തുടങ്ങിയ ജോലി സാധ്യതയാണ് ഹോട്ടലുകളില്‍ അധികവുമുള്ളത്.