ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നവരാണ്. വിദേശങ്ങളിലേക്കുള്ള നമ്മുടെ വിദ്യാര്‍ത്ഥികളുടെ പ്രയാണത്തിന് ദീര്‍ഘമായ ചരിത്രമുണ്ട്. അവിടങ്ങളില്‍ പഠിച്ച് ഉന്നത നിലയിലെത്തിയവര്‍ നിരവധിയാണ്. പഠന ശേഷം ഉന്നത ജോലിയും ലഭിക്കണമെന്നതാണ് വിദേശ സര്‍വ്വകലാശാലകളിലേക്ക് പോകുന്നതിന്റെ മുഖ്യ ലക്ഷ്യം. ഏത് രാജ്യത്തും പോയി പഠിക്കുമ്പോള്‍, ഏത് കോഴ്‌സ് തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം ശ്രദ്ധിക്കണം. വലിയ തൊഴില്‍ സാധ്യതയില്ലാത്ത കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവരാണ് വിദേശത്ത് ബുദ്ധിമുട്ടുന്നതില്‍ ബഹുഭൂരിപക്ഷവും. യു.കെയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്‌സ്(STEM) മേഖലയിലെ ജോലികള്‍ക്ക് വലിയ സാധ്യതയാണുള്ളത്. അത്‌കൊണ്ട് തന്നെ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 80% ജോലികള്‍ക്കും STEM (സ്റ്റിം)വൈദഗ്ധ്യം ആവശ്യമാണെന്നാണ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
വിദ്യാഭ്യാസ ഗുണനിലവാരം, വ്യത്യസ്ത സ്റ്റിം കോഴ്‌സുകള്‍, ഗവേഷണ സ്ഥലങ്ങള്‍, പുതിയ ആശയങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ യു.കെ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലാണ്. സ്റ്റിം കോഴ്‌സുകള്‍ ആധുനിക ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയുടെ വിവിധ തലങ്ങളില്‍ അറിവ് പകരും. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, സെക്യൂരിറ്റി സയന്‍സ് ആന്റ് ടെക്‌നോളജി, മെറ്റീരിയല്‍ സയന്‍സ്, ബയോ എഞ്ചിനീയറിങ് എന്നീ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നത് എറേ ഗുണകരമാണ്.