ജിദ്ദ: സെല്‍ഫ് ഡ്രൈവിങ് വാഹന മേഖലയിലെ പ്രമുഖ കമ്പനിയായ പോണി എ.ഐയില്‍ 10 കോടി റിയാല്‍ നിക്ഷേപിക്കുമെന്ന് നിയോം. പുതുതായി രൂപവത്കരിച്ച നിയോം നിക്ഷേപ ഫണ്ടാണ് നിക്ഷേപം നടത്തുന്നത്. സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ നിര്‍മിക്കുക, ഈ വ്യവസായവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക, നിയോം, മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലകളില്‍ നൂതന സേവനങ്ങള്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ടാണിത്. ഈ പങ്കാളിത്തത്തിലൂടെ, നിയോമും പോണി എ.ഐയും സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യും.
മേഖലയില്‍ സ്വയം ഡ്രൈവിങ് യാത്രാപരിഹാരങ്ങള്‍ നല്‍കുന്നതിനായി നിയോം പ്രഖ്യാപിച്ച സ്വപ്ന പദ്ധതികള്‍ക്ക് അനുസൃതമാണ് ഈ നിക്ഷേപമെന്ന് നിയോം നിക്ഷേപ ഫണ്ട് സി.ഇ.ഒ മജീദ് മുഫ്തി പറഞ്ഞു.പോണി എ.ഐയുടെ സ്വയം ഡ്രൈവിങ് സാങ്കേതികവിദ്യ ഇപ്പോള്‍ ലഭ്യമാണ്. സമീപഭാവിയില്‍ അവ നിയോമില്‍ ഉപയോഗിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും സി.ഇ.ഒ പറഞ്ഞു.