കോഴിക്കോട് : ഗതാഗതക്കുരുക്ക്, പാര്‍ക്കിംഗ് സ്ഥല ദൗര്‍ലഭ്യം, മിഠായിത്തെരുവ് വാഹന നിരോധനം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നഗരത്തിന്റെ വാണിജ്യ പ്രതാപം വീണ്ടെടുക്കാന്‍ ബന്ധപ്പെട്ട എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് സിറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രക്ഷാധികാരി ഷെവ. സി ഇ ചാക്കുണ്ണി അഭിപ്രായപ്പെട്ടു.
സിറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ 43-ാം ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി എച്ച് മേല്‍പ്പാലം പണി തീര്‍ന്നെങ്കിലും കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് റോഡ്, വലിയങ്ങാടി, കോര്‍ട്ട് റോഡ് എന്നിവിടങ്ങളിലേക്കുള്ള മേല്‍പ്പാലങ്ങളും നിലവിലെ റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങളുടെ 90% വും പൊളിച്ചു പുനര്‍ നിര്‍മ്മിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വ്യാപാര മേഖലയില്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലാവും.
യോഗത്തില്‍ പ്രസിഡണ്ട് എം ഐ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എന്‍ ഉല്ലാസന്‍ റിപ്പോര്‍ട്ടും, ഖജാന്‍ജി സി കെ ബാബു വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബത്തില്‍ നിന്ന് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയവരെ ഉപഹാരങ്ങള്‍ നല്‍കി ചടങ്ങില്‍ ആദരിച്ചു. അനുമോദനത്തിന് ഡോക്ടര്‍ ഷെറിന്‍ ചാക്കോ, കുമാരി സി എ അലീന, എ കെ ശ്രീഷ്ണ നന്ദി പറഞ്ഞു. ജി എസ് ടി, നോട്ട് നിരോധനം, കൊറോണ, നിപ്പ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അനുദിനം ക്ഷയിച്ചു വരുന്ന വ്യാപാര – വ്യവസായ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും അസോസിയേഷന്‍ പ്രവര്‍ത്തനം വിപുലീകരിക്കാനും യോഗം തീരുമാനിച്ചു.
ഭാരവാഹികളായി കെ പി സുധാകരന്‍ പ്രസിഡന്റ്, വൈസ് പ്രസിഡണ്ടുമാര്‍ എ ബി വിജയമേനോന്‍, സി സനോണ്‍, ജനറല്‍ സെക്രട്ടറി സി കെ മന്‍സൂര്‍ നോവക്‌സ്, സെക്രട്ടറിമാര്‍ സി. ജി സാംസണ്‍, കെ വി മെഹബൂബ്, ഖജാന്‍ജി ബിജു സി ടി എന്നിവരെ തെരഞ്ഞെടുത്തു. മുന്‍ പ്രസിഡണ്ട് ഇ പി ഹാരിസ്, മുന്‍ ഖജാന്‍ജി കെ സി ചാക്കോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വാണിജ്യ – വ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും ബന്ധപ്പെട്ട സംഘടനകളെയും അധികാരികളെയും ഉള്‍പ്പെടുത്തി സെമിനാര്‍ നവംബര്‍ 3ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് നടത്താനും തീരുമാനിച്ചു.
ജോഷി പോള്‍ സ്വാഗതവും, ബിജു സി ടി നന്ദിയും പറഞ്ഞു.