തിരുവനന്തപുരം: സാമൂഹിക ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച് എന്‍സിഇആര്‍ടി സമിതി നല്‍കിയ ശുപാര്‍ശകളെ തുടക്കത്തില്‍ തന്നെ കേരളം തള്ളിക്കളയുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഭരണഘടനയില്‍ പറഞ്ഞ ഇന്ത്യ അഥവാ ഭാരതം എന്നത് എവിടെയും ഉപയോഗിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്, അതിന് പകരം ഭാരതമെന്ന് മാത്രം മതിയെന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. അത് സങ്കുചിത രാഷ്ട്രീയമാണ്. ഇത് കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ചരിത്രവസ്തുതകളെ വക്രീകരിക്കാനുള്ള ശ്രമങ്ങളെയും കേരളം തള്ളിക്കളയുകയാണ്. ദേശീയ തലത്തില്‍ മുന്‍പ് ഇങ്ങനെയൊരുനീക്കമുണ്ടായപ്പോള്‍ അതിനെ അക്കാദമിക് ആയി പ്രതികരിച്ചത് കേരളം മാത്രമാണ്. ഒന്നുമുതല്‍ പത്തുവരെ സംസ്ഥാനത്ത് എസ്ഈആര്‍ടി വികസിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇവിടെ കാര്യമായി ബാധിക്കില്ല. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു,
സംസ്ഥാനത്ത് 124 പാഠപുസ്തകങ്ങളില്‍ 44 എണ്ണം മാത്രമാണ് എന്‍സിഇആര്‍ടിയുടേത്. യഥാര്‍ഥ ചരിത്രം വളച്ചൊടിച്ചാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലൂടെ നല്‍കുന്നെതങ്കില്‍ കേരളം അക്കാദമിക് സംവാദം നടത്തി പ്രതിരോധിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.