മലയാളികളുടെ എക്കാലത്തേയും ഫേവറൈറ്റ് സിനിമകളിലൊന്നാണ് 1989ല്‍ റിലീസായ റാംജി റാവ് സ്പീക്കിങ്. സിനിമയേക്കാള്‍ മനസില്‍ പതിഞ്ഞുകിടക്കുന്നത് കമ്പിളിപ്പുതപ്പെന്ന ഡയലോഗാണ്. ഒഴിഞ്ഞുമാറല്‍ സാഹചര്യങ്ങളില്‍ മലയാളികള്‍ ഓര്‍ക്കുന്ന സ്ഥിരം ഡയലോഗ്. പലപ്പോഴും നിത്യജീവിതത്തില്‍ ഒരു തവണയെങ്കിലും ഉപയോഗിക്കാറുണ്ട് ഇത്തരത്തിലുള്ള ഐക്കോണിക് സിനിമ ഡയലോഗുകള്‍.
ഫോണ്‍വിളിച്ചാല്‍ കേട്ടിട്ടും കേള്‍ക്കാത്തപോലെ അഭിനയിക്കാനുള്ള മലയാളിയുടെ കോഡ് വാക്കായി പിന്നീട് കമ്പിളിപ്പുതപ്പ് മാറി. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും ഇത്തരത്തിലുള്ള അവസരങ്ങളില്‍ മലയാളിയുടെ നാവില്‍ നിന്നും അറിയാതെ പുറത്തെത്തുന്നത് കമ്പിളിപ്പുതപ്പ് എന്ന് തന്നെയാണ്.
റാംജി റാവു സംഭവിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഗോപാലകൃഷ്ണനും മേട്രനും വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ അതൊരു പരസ്യ ചിത്രത്തിനുവേണ്ടിയാണെന്നു മാത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം ആ കമ്പിളിപ്പുതപ്പിന്റെ കടം വീട്ടാനാണ് ഗോപാലകൃഷ്ണന്‍ മേട്രനെ കാണാനെത്തിയത്. പുതിയ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകനായ റജിന്‍ എസ്. ബാബു ആണ്. ‘എല്ലാവര്‍ക്കും കാണും കൊടുക്കാന്‍ ബാക്കിവച്ച ചില കൊച്ചു സന്തോഷങ്ങള്‍’ എന്ന തീമിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ഈ ലോകത്ത് മുകേഷിനും അമൃതം ടീച്ചര്‍ക്കും മാത്രം അഭിനയിക്കാന്‍ സാധിക്കുന്ന പരസ്യമാണിതെന്നാണ് സംവിധായകന്‍ പറയുന്നത്.
‘റാംജി റാവു സ്പീക്കിംഗ്,’ ‘പപ്പയുടെ സ്വന്തം അപ്പൂസ്’, ‘മക്കള്‍ മാഹാത്മ്യം’, ‘ശരിയോ തെറ്റോ,’ ‘ഈണം മറന്ന കാറ്റ്,’ ‘പൊലീസ് ഡയറി, എന്നിങ്ങനെ ഏതാനും സിനിമകളില്‍ അമൃതം ടീച്ചര്‍ എന്ന് അറിയപ്പെടുന്ന അമൃതം ഗോപിനാഥ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ‘അള്ള് രാമേന്ദ്രനി’ലും ചെറിയൊരു വേഷം ചെയ്തിരുന്നു. ‘തച്ചോളി അമ്പു,’ ‘മാമാങ്കം’ എന്നിങ്ങനെ 14 മലയാളം ചിത്രങ്ങള്‍ക്ക് വേണ്ടി നൃത്തസംവിധാനം ചെയ്തിട്ടുണ്ട് ടീച്ചര്‍. 86 വയസ്സുണ്ട് അമൃതം ടീച്ചര്‍ക്ക് ഇപ്പോള്‍. ആലപ്പുഴക്കാരിയാണ് ടീച്ചര്‍.