കോഴിക്കോട്: നിപ രോഗബാധയുടെ ആവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസിന് വകഭേദംവന്ന് മഹാമാരിയായി മാറിയേക്കുമന്നെ് ആശങ്ക പങ്കുവെച്ച് ‘നേച്ചര്‍ ജേണല്‍’ ലേഖനം. കേരളത്തില്‍ ആറുവര്‍ഷത്തിനിടെ നാലുതവണ രോഗം പ്രത്യക്ഷപ്പെട്ടു. ആദ്യം രോഗം സ്ഥിരീകരിച്ച 2018-ല്‍ 17 പേര്‍ മരിച്ചു. 2019 ലും 21-ലും ഓരോ കേസുകള്‍വീതം റിപ്പോര്‍ട്ടുചെയ്തു. ഒരു രോഗി മരിച്ചു. ഈ വര്‍ഷം ആറുപേര്‍ക്ക് രോഗബാധയുണ്ടായി. രണ്ടുപേര്‍ മരിച്ചു. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും നിപ ആവര്‍ത്തിച്ചുണ്ടാവുന്നു.നിപയെ പ്രതിരോധിക്കാന്‍ ലോകവ്യാപകമായ ശാസ്ത്രീയപഠനവും ആവശ്യമാണെന്ന് മെഡിക്കല്‍ കോളേജ് സാംക്രമികരോഗവിഭാഗം പ്രൊഫസറുമായ ഡോ. ടി.എസ്. അനീഷ് എഴുതിയ ലേഖനം ചൂണ്ടിക്കാട്ടുന്നു.
മനുഷ്യര്‍ക്കിടയില്‍ നിപ രോഗം പകരുന്നത് രോഗിയുമായോ രോഗിയുടെ ശരീരസ്രവങ്ങളുമായോ നേരിട്ട് സമ്പര്‍ക്കമുണ്ടാവുമ്പോഴാണ്. അതുകൊണ്ട് കോവിഡ് പോലെ മഹാമാരിയായി നിപ പടരില്ല.
എന്നാല്‍, ജനിതകവ്യതിയാനം സംഭവിക്കുന്ന ആര്‍.എന്‍.എ. വിഭാഗം വൈറസാണ് നിപയുടേതും. കാര്യമായ വ്യതിയാനം സംഭവിച്ചാല്‍ വേഗത്തില്‍ പടരാന്‍ കഴിവുള്ള വകഭേദങ്ങളുണ്ടായി കോവിഡ്‌പോലെ ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന മഹാമാരിയായി നിപ മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മഹാമാരിയാവാന്‍ സാധ്യതയുള്ള രോഗങ്ങളുടെ പട്ടികയിലാണ് നിപയെ ലോകാരോഗ്യസംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ജേണല്‍ പറയുന്നു..
കേരളത്തില്‍ രോഗബാധയുണ്ടാക്കിയത് ബംഗ്ലാദേശില്‍ 2001-ല്‍ രോഗമുണ്ടാക്കിയ വൈറസിന്റെ വകഭേദമാണ്. രണ്ടായിരം കിലോമീറ്റര്‍ പിന്നിട്ടാണ് രോഗം കേരളത്തിലെത്തിയത്.
ബംഗ്ലാദേശില്‍ രോഗബാധ വൈകിയാണ് സ്ഥിരീകരിക്കപ്പെട്ടത്. ഏഷ്യയില്‍ മ്യാന്‍മാര്‍, തായ്ലാന്‍ഡ്, ലാവോസ്, ചൈന, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും രോഗം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ട്. നിപ സാധ്യതാമേഖലകളില്‍ രോഗബാധ നേരത്തേ കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള സംവിധാനമുണ്ടാക്കുന്നത് രോഗവ്യാപനം തടയുന്നതില്‍ പ്രധാനമാണ്. മസ്തിഷ്‌കജ്വരമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.
പലകാരണങ്ങള്‍കൊണ്ട് മസ്തിഷ്‌കജ്വരമുണ്ടാവാം. അതുകൊണ്ട് നിപ രോഗബാധ തിരിച്ചറിയാതെപോവാന്‍ ഇതിടയാക്കുന്നു. ആശുപത്രികളില്‍ മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി എത്തുന്നവരെ സ്‌ക്രീനിങ്ങിന് വിധേയമാക്കണമെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ലോകവ്യാപകമായിത്തന്നെ നിപ രോഗം തിരിച്ചറിയാന്‍ സംവിധാനമുണ്ടാവണമെന്ന് ഡോ. ടി.എസ്. അനീഷ് പറഞ്ഞു. മസ്തിഷ്‌കജ്വരം കണ്ടെത്താന്‍ സംവിധാനമുള്ള സമൂഹത്തിനുമാത്രമേ നിപ കണ്ടെത്താനാവൂ. ഇതിനായുള്ള നയസമീപനം രൂപപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.