ഇനി ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് പണികിട്ടും. സോഷ്യല്‍ മീഡിയ വഴി ചതിയില്‍പ്പെട്ട് പണം നഷ്ടപ്പെടുന്ന സംഭവം തുടര്‍ക്കഥയാവുകയാണ്. ഇന്റര്‍നെറ്റിലെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുക്കുകയാണ് ഗൂഗിള്‍.
രാജ്യത്തെ വ്യാജ വായ്പാ ആപ്പുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിന് വേണ്ടി ഗൂഗിള്‍ ആരംഭിച്ച പദ്ധതിയാണ് ‘ഡിജിറ്റല്‍ കവച്’. തട്ടിപ്പുകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് തടയിടുകയാണ് ലക്ഷ്യം.വ്യാജ വായ്പ ആപ്പുകള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഫിന്‍ടെക് കമ്പനികളുടെ കൂട്ടായ്മയായ ദ ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വ്യാജആപ്പുകളെ തടയിടാന്‍ ഗൂഗിള്‍ നടപടികളൊന്നും ശ്രീകരിച്ചിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പദ്ധതിയുമായി ഗൂഗിള്‍ മുന്നോട്ടുവന്നത്.തട്ടിപ്പ് നടത്തുന്നവരുടെ പ്രവര്‍ത്തന രീതികള്‍ ഏത് തരത്തിലാണെന്ന് നിരന്തരം ട്രാക്ക് ചെയ്യുകയും അവരെങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പ്രവചിക്കുന്നതിന് വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് ടൂളുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.