ഇന്ധനക്ഷാമം,12 ആശുപത്രികള്‍ പൂട്ടി
അടിയന്തരമായ വെടിനിര്‍ത്തലിന് യുണിസെഫ് ആഹ്വാനം ചെയ്‌തെങ്കിലും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്നത് വരെ യുദ്ധം തുടരുമെന്നും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്നും ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ഗാസയിലെ അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രിയോടെ തീരുമെന്ന് അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ 2360 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫും അറിയിച്ചു.18 ദിവസത്തിലാണ്‍് 2360 കുട്ടികള്‍ കൊല്ലപ്പെട്ടത്. 5364 കുട്ടികള്‍ക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ 30 കുട്ടികളും കൊല്ലപ്പെട്ടു. ഗാസയിലെ സാഹചര്യം ധാര്‍മികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.
കുട്ടികളെ കൊല്ലുന്നതും പരിക്കേല്‍പ്പിക്കുന്നതും ബന്ദികളാക്കുന്നതും ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും നേരെ ആക്രമണം നടത്തുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യുണിസെഫ് മിഡില്‍ ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ അഡെല്‍ ഖോദ്ര്‍ പറഞ്ഞു.
32 വലിയ ആശുപത്രികളില്‍ 12 എണ്ണം ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി. ബാക്കിയുള്ളിടത്ത് ഭാഗിക പ്രവര്‍ത്തനം മാത്രം. മുറിവേറ്റവര്‍ തിങ്ങിനിറഞ്ഞ ആശുപത്രികളില്‍ ഇന്ധനം ഉടന്‍ എത്തിയില്ലെങ്കില്‍ കൂട്ടമരണമാണുണ്ടാകുകയെന്ന് സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 12 ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തെരുവിലാണ്. അവര്‍ക്ക് സഹായം നല്‍കി വരുന്ന യുഎന്‍ ഏജന്‍സികള്‍ ഇന്ധനം എത്തിയില്ലെങ്കില്‍ ഇന്ന് പ്രവര്‍ത്തനം നിര്‍ത്തും. 150 യുഎന്‍ അഭയകേന്ദ്രങ്ങളിലായി അഞ്ചര ലക്ഷം ഗാസക്കാര്‍ കഴിയുന്നു. റഫ അതിര്‍ത്തിയില്‍ ഇരുപത് ട്രക്കുകള്‍ ഇന്ധനവുമായി കാത്തുകിടക്കുന്നുവെങ്കിലും ഗാസയില്‍ കടക്കാന്‍ ഇസ്രയേല്‍ അനുവദിച്ചിട്ടില്ല.