10 വര്‍ഷത്തെ ആയുസ് പൂര്‍ത്തിയാക്കിയതുകൊണ്ട് മാത്രം ഡീസല്‍ കാര്‍ നിരോധിക്കാമോ?.. ഡല്‍ഹിയിലെ കാര്‍ നിരോധനത്തിലെ ട്വിസ്റ്റ്

10 വര്‍ഷത്തെ ആയുസ് പൂര്‍ത്തിയാക്കിയതുകൊണ്ട് മാത്രം ഡീസല്‍ കാര്‍ നിരോധിക്കാമോ?.. ഡല്‍ഹിയിലെ കാര്‍ നിരോധനത്തിലെ ട്വിസ്റ്റ്

മലിനീകരണ തോത് വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ കാറുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി നടക്കുന്നതായി ആരോപണം.

ഇപ്പോള്‍ ഒരു അഭിഭാഷകന്റെ ഇടപെടലിനെ തുടര്‍ന്ന് വമ്പന്‍ ട്വിസ്റ്റ് വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണമുയര്‍ത്തിയാണ് അഭിഭാഷകനായ മുകേഷ് കുല്‍ത്തിയ ഗുഡ്ഗാവ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഹരിയാനയിലെ ഗതാഗത സെക്രട്ടറി നവദീപ് സിംഗ് വിര്‍ക്ക്, ഗതാഗത മന്ത്രാലയത്തിലെ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ഈ നിയമം നിലവിലില്ലെന്നും ഇത് ഉദ്യോഗസ്ഥര്‍ നടത്തുന്ന വിപുലമായ അഴിമതിയാണെന്നുമാണ് അഭിഭാഷകന്‍ ആരോപിക്കുന്നത്. ഈ നിയമം മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന ഒരു പൗരന്‍ എന്ന നിലയിലാണ് ഈ കേസ് ഫയല്‍ ചെയ്തതെന്നുമാണ് അഭിഭാഷകനായ മുകേഷ് കുല്‍ത്തിയ പറയുന്നത്.

2019, 2021, 2023 വര്‍ഷങ്ങളിലെ മോട്ടോര്‍ വാഹന നിയമ ഭേദഗതികള്‍ പ്രകാരം ഡീസല്‍, പെട്രോള്‍ കാറുകളുടെ ആയുസ് 15 വര്‍ഷമാണെന്ന് അഭിഭാഷകന്‍ മുകേഷ് കുല്‍ത്തിയ അറിയിച്ചു. ഈ കാലയളവ് അവസാനിച്ചാല്‍ 5 വര്‍ഷത്തേക്ക് കൂടി പുതുക്കാന്‍ സാധിക്കും. 10 വര്‍ഷത്തെ ആയുസ് പൂര്‍ത്തിയാക്കിയതുകൊണ്ട് മാത്രം ഡീസല്‍ കാര്‍ പിടിച്ചെടുക്കാനോ കണ്ടുകെട്ടാനോ നിരോധിക്കാനോ കഴിയില്ലെന്നും നിരോധനം പൊതുജനങ്ങളെയും അഭിഭാഷകരെയും അടിച്ചമര്‍ത്തിക്കൊണ്ട് മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ലംഘനമാണെന്നുമാണ് ഹരജിക്കാരന്‍ വാദിക്കുന്നത്.

ഇന്നും ഡീസല്‍ കാറുകള്‍ക്കും പെട്രോള്‍ കാറുകള്‍ക്കും 15 വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുകയും അതനുസരിച്ച് റോഡ് നികുതി ഈടാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍, 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ കാറുകള്‍ക്ക് എന്നിവ നിരോധിക്കുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവുകള്‍ തെറ്റായി ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും കുല്‍ത്തിയ വാദിച്ചു.

സംശയാസ്പദമായ മാര്‍ഗങ്ങളിലൂടെയാണ് ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതെന്നും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് അഭിഭാഷകന്‍ ആരോപിക്കുന്നത്. മേഖലയിലുടനീളമുള്ള കാര്‍ ഉടമകളെയും വാഹനപ്രേമികളെയും ബാധിക്കുന്ന ഒരു സുപ്രധാന വിഷയത്തിലേക്ക് വെളിച്ചം വീശുകയാണ് അഭിഭാഷകനായ കുല്‍ത്തിയ സ്വീകരിച്ച നടപടി. പഴയ വാഹനങ്ങള്‍ നിരോധിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികളുടെ സുതാര്യതയും നിയമസാധുതയും, അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ വെളിപ്പെടുത്താത്ത ഉദ്ദേശ്യങ്ങളും ഈ ഹരജി വഴി ചോദ്യം ചെയ്യപ്പെടുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *