ധൊര്‍ദോ ഗ്രാമത്തിന് യുഎന്‍ പുരസ്‌ക്കാരം

ധൊര്‍ദോ ഗ്രാമത്തിന് യുഎന്‍ പുരസ്‌ക്കാരം

കോഴിക്കോട്: യുഎന്‍ വേള്‍ഡ് ടൂറിസം ടൂറിസം ഓര്‍ഗനൈസേഷന്റെ മികച്ച ടൂറിസം ഗ്രാമപുരസ്‌ക്കാരം നേടി ഗുജറാത്തിലെ ധൊര്‍ദോ ഗ്രാമം. സാംസ്‌ക്കാരിക വൈവിധ്യംകൊണ്ടും പ്രകൃതി സൗന്ദര്യംകൊണ്ടും പ്രസിദ്ധമാണ് കച്ച് ജില്ലയിലെ ധൊര്‍ദോ. പ്രദേശത്തെ ഉപ്പുചതുപ്പിലെ റാണ്‍ ഉത്സവം ഏറെ പ്രശസ്തമാണ്. 27,454 ചതുരശ്ര കിലോ മീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഥാര്‍ മരുഭൂമിയിലെ റാണ്‍ ഒഫ് കച്ചിന്റെ പ്രവേശന കവാടമാണ് ധൊര്‍ദൊ.

ഉസ്ബക്കിസ്ഥാനിലെ ചരിത്രഭൂമിയായ സമര്‍കണ്ടില്‍വെച്ച് ഇന്ത്യന്‍ ടൂറിസം പ്രതിനിധികള്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ധൊര്‍ദൊയെ കൂടാതെ ലോകമാകെ 25 ഗ്രാമങ്ങളും പുരസ്‌ക്കാരത്തിന് അര്‍ഹമായി. ഗ്രാമീണതയുടെ പരിപോഷണം, മനോഹരമായ പ്രകൃതി, സാംസ്‌ക്കാരിക വൈവിധ്യം, പ്രാദേശിക മൂല്യങ്ങള്‍, ഉദാത്തമായ പൈതൃകം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. റാണ്‍ ഉത്സവത്തിന് പതിനായിരങ്ങളാണ് എല്ലാ വര്‍ഷവും ധൊര്‍ദോയില്‍ എത്തുക. ടെന്റുകളും കോട്ടേജുകളും മറ്റുമായി യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും ഇക്കാലയളവില്‍ പ്രദേശം. ധൊര്‍ദോ ടൂറിസത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ ടൂറിസം ഓര്‍ഗനൈസേഷനു കീഴില്‍ ‘ഗ്രാമ വികസത്തിന് ടൂറിസം’ പദ്ധതിയുടെ ഭാഗമായാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കിവരുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമങ്ങളിലെ സാംസ്‌ക്കാരികവും പ്രകൃതിപരവുമായ വിഭവങ്ങള്‍, അവയുടെ വളര്‍ച്ച, സംരക്ഷണം, സാമ്പത്തിക സുസ്ഥിരത, സാമൂഹിക സന്തുലനം, പ്രകൃതി സംരക്ഷണം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് പ്രഖ്യാപിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *