ഗസ്സ സിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ ഇന്നലെ രാത്രി 400ലധികം പേര്‍ കൊല്ലപ്പെട്ടു. ജബലിയ്യ അഭയാര്‍ഥി ക്യാമ്പില്‍ മാത്രം 30 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ ആശുപത്രികള്‍ക്ക് നേരെയും ഭീഷണിയുണ്ട്. രോഗികളെ ഒഴിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ തകര്‍ക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി. ഗസ്സയിലെ അല്‍ ശിഫ, അല്‍ ഖുദ്‌സ് ആശുപത്രികള്‍ക്കടുത്തും വ്യോമാക്രമണം നടന്നു.
ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം കൂടുതല്‍ കടുപ്പിച്ചതോടെ മരണസംഖ്യയും ഉയരുകയാണ്. ഞായറാഴ്ചയും കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. തെക്കന്‍ ഗസ്സയിലെ നിരവധി താമസ കേന്ദ്രങ്ങള്‍ക്കും അഭയാര്‍ഥികള്‍ തങ്ങുന്ന സ്‌കൂളുകള്‍ക്കും നേരെ ആക്രമണമുണ്ടായി. റഫ അതിര്‍ത്തി മുഖേന പരിമിതമായ തോതില്‍ ഇന്നലെയും സഹായം എത്തിയെങ്കിലും വലിയ മാനുഷിക ദുരന്തത്തിലേക്ക് തന്നെയാണ് ഗസ്സനീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റീജ്യനല്‍ ഡയരക്ടര്‍ പറഞ്ഞു. ആരോഗ്യമേഖല ശരിക്കും തകര്‍ച്ചയിലാണ്. ഗസ്സയിലെ 35 ആശുപത്രികളില്‍ 20 എണ്ണത്തിന്റെയും പ്രവര്‍ത്തനം നിലച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ധനം എത്തിയില്ലെങ്കില്‍ ആയിരത്തിലേറെ കിഡ്നി രോഗികള്‍ മരണപ്പെടുമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി.
യുഎസ്,യു.കെ,കാനഡ,ഫ്രാന്‍സ്,ജര്‍മനി ഇറ്റലി എന്നീ അഞ്ച് പാശ്ചാത്യരാജ്യങ്ങളാണ് ഇസ്രായേലിന് പിന്തുണ നല്‍കിയിരിക്കുന്നത്. ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് പ്രസ്താവനയിലൂടെ രാജ്യങ്ങള്‍ അറിയിച്ചത്.
ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 4700 കടന്നു. ഇന്ധനം ഇല്ലാതായതോടെ ആശുപത്രികളില്‍ പലതും പ്രവര്‍ത്തനം നിര്‍ത്തേണ്ട സ്ഥിതിയിലാണ്.