മലയാളികളുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു കപ്പ് ചായയിലൂടെയാണ്. പൊതുവെ ചായപ്രിയരാണ് മലയാളികള്‍ എന്ന് തന്നെ പറയാം.
ദിവസത്തില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ചായ കുടിക്കുന്നത് പതിവ് ശീലമാണ് പലര്‍ക്കും.
പലപ്പോഴും ജോലിയുടെ തിരക്കിലോ മറ്റോ ആയിരിക്കുമ്പോള്‍ ഉണ്ടാക്കിയ ചൂടുള്ള ചായ കുടിക്കാന്‍ പലരും മറന്ന് പോകാറുണ്ട്. പലരും ബാക്കിയുള്ള തണുത്ത ചായ ചൂടാക്കി കഴിക്കുന്നവരായിരിക്കും. എന്നാല്‍ ഇത് എത്രത്തോളം ആരോഗ്യകരമാണ് എന്ന സംശയം പലര്‍ക്കുമുണ്ടായിരിക്കും. തണുത്ത ചായ വീണ്ടും ചൂടാക്കി കഴിക്കുന്നത് അത്ര ഗുണകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ചായ തണുത്തിട്ട് മിനിറ്റുകള്‍ മാത്രമെ ആയിട്ടുള്ളൂവെങ്കില്‍ അത് വീണ്ടും ചൂടാക്കുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാല്‍ വീണ്ടും ചൂടാക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. പുതുതായി ഉണ്ടാക്കിയ ചായ കുടിക്കുകയാണ് ഏറ്റവും ഉത്തമം. കാരണം ചായ വീണ്ടും ചൂടാക്കുന്നത് അതിന്റെ സ്വാദും സുഗന്ധവും പോഷകഗുണങ്ങളും കുറയ്ക്കുന്നതിന് കാരണമാകും. നാല് മണിക്കൂറിലധികം നേരം തണുത്ത ചായ ചൂടാക്കുന്നത് നല്ലതല്ല.കാരണം അതില്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയുണ്ട്.
ഒന്നോ രണ്ടോ മണിക്കൂര്‍ പുറത്ത് വെച്ചാല്‍ പോലും ബാക്ടീരിയ വരാന്‍ തുടങ്ങും. പാലൊഴിച്ച ചായയാണെങ്കില്‍ തണുത്ത് കഴിഞ്ഞാല്‍ വേഗത്തില്‍ ബാക്ടീരിയ വരും. ചായയിലെ പഞ്ചസാരയും ബാക്ടീരിയ വേഗത്തില്‍ വളരാന്‍ കാരണമാകും. വേനല്‍ക്കാലത്ത് താപനില പൊതുവെ ഉയര്‍ന്നതായിരിക്കുമ്പോള്‍ അത് കേടാകുന്നത് കൂടുതല്‍ വേഗത്തിലാക്കും.