ഇന്ത്യയെ വിഭജന രാഷ്ട്രീയത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ജനങ്ങളും സന്നദ്ധപ്രവര്‍ത്തകരും ഭയം വെടിഞ്ഞു ഉച്ചത്തില്‍ പ്രതികരിക്കേണ്ട സമയം അധികരിച്ചെന്ന് ഗാന്ധിജിയുടെ പൗത്രനും എഴുത്തുകാരനും ആയ തുഷാര്‍ ഗാന്ധി പറഞ്ഞു. ഗാന്ധിജി, നെഹ്‌റു തുടങ്ങി അസംഖ്യം നേതാക്കള്‍ സ്വാതന്ത്ര്യ സമരത്തിലൂടെ നേടിയെടുത്ത രാഷ്ട്രീയവും ഭരണഘടനാമൂല്യങ്ങളും ഒന്നൊന്നായി ബി ജെ പി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. 24 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി – ആര്‍ എസ് എസ് സംഘത്തെ തോല്‍പ്പിക്കുന്നതോടൊപ്പം, തിരഞ്ഞെടുപ്പിന് ശേഷവും ഫാഷിസത്തിന് എതിരെ നിരന്തരം പ്രവര്‍ത്തനം തുടരണം. ഒരു തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇല്ലാതാക്കാന്‍ കഴിയാത്തത്ര വിഷം ഒരു നൂറ്റാണ്ടു കൊണ്ട് ഇന്ത്യന്‍ ശരീരത്തില്‍ ആര്‍ എസ് എസ് കുത്തിവച്ചു. നല്ലയാളുകളുടെ നിശബ്ദതയും പ്രവര്‍ത്തനരാഹിത്യവും ദുഷ്ടശക്തികളുടെ ബോധപൂര്‍വമായ ശ്രമങ്ങളെക്കാള്‍ അപകടകാരമാണ്. അതിനാല്‍ രാജ്യത്തെയും ജനാധിപത്യത്തെയും സ്നേഹിക്കുന്ന സന്നദ്ധസംഘങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം – ‘ഇന്ത്യ വീണ്ടും ഉണരണം. വര്‍ഗീയത തകരണം ‘ എന്ന മുദ്രാവാക്യവുമായി ‘സെക്കുലര്‍ ഇന്ത്യ മൂവ്മെന്റ്’ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തവെ തുഷാര്‍ ഗാന്ധി ആഹ്വാനം ചെയ്തു
ഫെഡറലിസത്തിനും മതസൗഹാര്‍ദ്ദത്തിനും എതിരെ നടക്കുന്ന കുത്സിത പ്രവര്‍ത്തനങ്ങളെ തോല്‍പ്പിക്കാന്‍ ചിട്ടയായ തുടര്‍പ്രവര്‍ത്തനം ആവശ്യമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടി ഉദ്ബോധിപ്പിച്ചു. കേരളത്തില്‍ മുസ്ലിം – ക്രിസ്ത്യന്‍ സമുദായങ്ങള്‍ തമ്മിലും അംബേദ്കറിസ്റ്റുകളും ഗാന്ധിയന്മാര്‍ തമ്മിലും സ്പര്‍ദ്ധ വളര്‍ത്താനുള്ള ചില ശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ സന്നദ്ധസംഘടനകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഏദ്ദളു കര്‍ണാടക നേതാവ് താരാ റാവു, പി. യു. സി. എല്‍. ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വി. സുരേഷ്, കര്‍ണാടക സ്റ്റേറ്റ് മഹിളാ ഫെഡറേഷന്‍ കണ്‍വീനര്‍ അഖില സോമാലിങ്ങയ്, പീപ്പിള്‍ ഫോര്‍ ഗുഡ് ഗവണ്ണന്‍സ് കണ്‍വീനര്‍ ഡോ. നിമ്മു ബസന്ത് (ചെന്നൈ ) ജസ്റ്റിസ് പി. കെ. ഷംസുദീന്‍, മുന്‍ എം. പി.തമ്പാന്‍ തോമസ്, മുന്‍ എം എല്‍. എ. ടി. എ. അഹ്‌മദ് കബീര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്കുലര്‍ ഇന്ത്യ മൂവ്മെന്റ് ചെയര്‍മാന്‍ അഡ്വ. പി. ചന്ദ്രശേഖര്‍ അധ്യക്ഷന്‍ ആയിരുന്നു. ജനറല്‍ കണ്‍വീനര്‍ ഡോ. കെ. രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും ഖജാന്‍ജി അഡ്വ. സി. പൗലോസ് നന്ദിയും പറഞ്ഞു.
ഡോ. എല്‍സമ്മ ജോസഫ് അറക്കല്‍, പ്രൊഫ. കെ. ബി. വേണുഗോപാല്‍, പ്രൊഫ. കെ. പി. ശങ്കരന്‍, അഡ്വ.ജോണ്‍ ജോസഫ്, ഡോ. ബാബു ജോസഫ്, അഡ്വ. ജോണ്‍സണ്‍ പി ജോണ്‍, വി. എം. മൈക്കിള്‍ എന്നിവര്‍ യഥാക്രമം മാധ്യമം സ്വാതന്ത്ര്യം , രാഷ്ട്രീയം, തെരഞ്ഞെടുപ്പ് സമീപനം, ജുഡീഷ്യറി, വിദ്യാഭ്യാസം, ഭരണഘടന ദേശീയത, സംഘടന സംബന്ധിച്ച പ്രമേയങ്ങള്‍ അവതരിപ്പിച്ചു.അഡ്വ. പി. എം. മുഹമ്മദ് ഹസ്സന്‍, എം. വി. ലോറന്‍സ്, ലൈല റഷീദ്, ആദം അയൂബ്,ജോണി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.