കെയ്റോ: പലസ്തീന്‍-ഈജിപ്ത് അതിര്‍ത്തിയിലെ റാഫ കവാടം തുറന്നു. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമായി 20 ട്രക്കുകള്‍ ഗാസയിലേക്ക് കടത്തി വിട്ടു. 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ ഗാസയിലേക്ക് എത്തുന്നത്. ദിവസങ്ങളായി ട്രക്കുകള്‍ അതിര്‍ത്തിയില്‍ അവശ്യമരുന്നുകളുമായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. 2.4 ലക്ഷം ആളുകള്‍ക്കുള്ള സഹായങ്ങളുമായാണ് ട്രക്കുകള്‍ ഗാസയിലേക്ക് പോകുന്നത്.
റാഫ ഇടനാഴി തുറക്കുന്നതോടെ ഗാസയില്‍നിന്ന് ഈജിപ്തിലേക്ക് അഭയാര്‍ഥി പ്രവാഹം ഉണ്ടാകുമെന്ന സ്ഥിതിയുമുണ്ട്. ചുരുങ്ങിയത് 2000 ട്രക്ക് അവശ്യ സാധനങ്ങള്‍ ഗാസയ്ക്ക് വേണമെന്ന് ലോകാരോഗ്യ സംഘടന അടിയന്തരസേവന ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതനുസരിച്ച് നിലവില്‍ അതിര്‍ത്തി കടന്ന ട്രക്കുകളിലെ മരുന്നുകള്‍ മതിയാകില്ല.
ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ദിവസങ്ങളായി ഭക്ഷണവും വെള്ളവും ഇല്ലാതെ ആളുകള്‍ ബുദ്ധിമുട്ടിലാണ്. ഇന്ധനവും മരുന്നുമില്ലാതെ ഗാസയില്‍ ഏഴ് പ്രധാന ആശുപത്രികളും 21 ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തന രഹിതമായെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖുദ്ര പറഞ്ഞു. മൊബൈല്‍ ടോര്‍ച്ചുകള്‍ തെളിച്ചാണ് ശസ്ത്രക്രിയകള്‍ നടത്തുന്നത്. മുറിവിന് വിനാഗിരിയാണ് ഡോക്ടര്‍മാര്‍ മരുന്നായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.