ആപ്പിള്‍ ഉപകരണങ്ങളില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ഒക്ടോബര്‍ 14ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ആപ്പിള്‍ ഐഒഎസിന്റെയും ഐപാഡ് ഒഎസിന്റെയും സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഐടി മന്ത്രാലയത്തിന് കീഴിലായി രാജ്യത്തെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം.
ഐഒഎസിലും ഐപാഡ് ഒഎസിലുമുള്ള സുരക്ഷാ വീഴ്ചയിലൂടെ പുറത്തു നിന്നും ഒരാള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധിക്കുമെന്നും ഇതിലൂടെ ഉപകരണത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ സാധിക്കുമെന്നും പറയുന്നു. 16.7.1 വേര്‍ഷന് മുമ്പുള്ള ഐഒഎസിനും ഐപാഡ് ഒഎസിലുമാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ഐഫോണ്‍ 8, ഐപാഡ് പ്രോ, മൂന്നാം തലമുറ ഐപാഡ് എയര്‍, അഞ്ചാം തലമുറ ഐപാഡ് എന്നിവയിലെല്ലാം ഈ ഒഎസ് വേര്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇതിനുള്ള പരിഹാരമെന്ന നിലയില്‍ സുരക്ഷാ അപ്‌ഡേറ്റുകള്‍ ആപ്പിള്‍ പുറത്തിറക്കിയിട്ടുണ്ട്. ആപ്പിള്‍ നല്‍കുന്ന സുരക്ഷാ അപ്‌ഡേറ്റുകള്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.