ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് റീജണല്‍ റെയില്‍ സര്‍വ്വീസായ ‘നമോ ഭാരത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഉത്തര്‍പ്രദേശിലെ സാഹിബാദിനേയും ദുഹായ് ഡിപ്പോയേയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍. ട്രെയിനില്‍ ഒരുപോറല്‍ പോലും ഉണ്ടാവരുതെന്നും ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. നമോഭാരതിലെ ജീവനക്കാര്‍ എല്ലാവരും സ്ത്രീകള്‍ എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇത് ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ മുദ്രയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിന്‍ റെയില്‍വേയുടെ മാറ്റത്തിന്റെ കാലഘട്ടമാണ് ഇത്. ചെറിയ സ്വപ്നങ്ങള്‍ കാണുക എന്നത് എന്റെ പതിവല്ലെന്നും ഇന്ത്യയിലെ ട്രെയിന്‍ ലോകത്തിന്റെ മറ്റിടങ്ങളിലേതിനേക്കാള്‍ പിന്നിലാകാന്‍ പാടില്ലെന്നും മോദി പറഞ്ഞു.
ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജണല്‍ റെയില്‍ സര്‍വീസ് ഇടനാഴിയുള്ളത്. സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയായ ആര്‍ആര്‍ടിഎസിന്റെ (റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം) ഭാഗമാണിത്. ഈ അതിവേഗ റെയില്‍പ്പാതയുടെ ആദ്യഘട്ട ഇടനാഴിയാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുക.
ആകെ 82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി – മീററ്റ് പാതയില്‍ നിര്‍മാണംപൂര്‍ത്തിയായ സാഹിബാബാദ് – ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ്. ഈ പാതയില്‍ 21 മുതല്‍ ട്രെയിന്‍സര്‍വീസ് ആരംഭിക്കും. രാജ്യത്തെ ആദ്യ ആര്‍.ആര്‍.ടി.എസ്. പദ്ധതിയായ ഡല്‍ഹി മീററ്റ് പാതയില്‍ ബാക്കിയുള്ളസ്ഥലങ്ങളിലും റെയില്‍പാതയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇത്തരത്തില്‍ എട്ട് ആര്‍ആര്‍ടി.എസ്. ഇടനാഴികളാണ് ഒരുങ്ങുന്നത്. ഡല്‍ഹി മീററ്റ് പാത 2025 ജൂണില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിര്‍മാണംപൂര്‍ത്തിയായ ആദ്യഘട്ടത്തില്‍ സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ദര്‍, ദുഹായ്, ദുഹായ് ഡിപ്പോ എന്നിങ്ങനെ അഞ്ചുസ്റ്റേഷനുകളാണുള്ളത്.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കെ ആദ്യ സെമി ഹൈ സ്പീഡ് റീജണല്‍ റെയില്‍ സര്‍വീസായ റാപ്പിഡ് എക്‌സിന്റെ പേര് മാറ്റം വരുത്തിയിരുന്നു. ഇതിനെതിരെ വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.