ഡോ. കാസിനോ പി.മുസ്തഫ: നന്മയുടേയും കര്‍മ കുശലതയുടേയും വിജയഗാഥ  രചിച്ച വ്യക്തിത്വം

ഡോ. കാസിനോ പി.മുസ്തഫ: നന്മയുടേയും കര്‍മ കുശലതയുടേയും വിജയഗാഥ രചിച്ച വ്യക്തിത്വം

ചാലക്കര പുരുഷു

ബഹ്റൈനിലെ അല്‍ -ഒസ്റ ഹോട്ടല്‍ ശൃംഗലയുടെ ഉടമ ഡോ. കാസിനോ പി.മുസ്തഫ ഹാജിയുടെ ജീവിതം ഒരു മഹാനിഘണ്ടുവാണ്. ഇച്ഛാശക്തിയും, കഠിനാദ്ധ്വാനവും ഒരു മനുഷ്യനെ എവിടം വരെ എത്തിക്കുമെന്ന് മാത്രമല്ല, അതില്‍ നിന്ന് പഠിക്കാനുള്ളത് മനഷ്യസ്നേഹത്തിന്റേയും നന്മയുടേയും കര്‍മ കുശലതയുടേയും നിരവധി വിജയഗാഥകള്‍ കൂടിയാണെന്ന് നമ്മെ പഠിപ്പിക്കുന്നു.
ഡോ.കാസിനോ പി.മുസ്തഫ ഹാജിക്ക് ഇക്കഴിഞ്ഞ ജനുവരി നാലിന് 75 വയസിന്റെ നിറവായിരുന്നു. ബഹ്റൈനിലെ വ്യവസായ പ്രമുഖനും, ജീവകാരുണ്യ രംഗത്തെ മാതൃകയുമായ ഹാജിക്കയുടെ പിറന്നാളും, നോമ്പ് കാലവും വീട്ടിലെ ഏത് വിശേഷ ദിവസങ്ങളും ദശകങ്ങളായി മയ്യഴിക്ക് ഉത്സവങ്ങളാണ്. കാസിനോ ഗാര്‍ഡന്‍സില്‍ ആരവങ്ങളുയരും. തനിക്ക് ചുറ്റിലുമുള്ള 2500ഓളം പേര്‍ക്ക് വര്‍ഷം തോറും വസ്ത്രങ്ങളും, പ്രഭാത ഭക്ഷണവും കിറ്റുകളുമൊക്കെയായി മുറതെറ്റാതെ നല്‍കി വരുന്ന അദ്ദേഹത്തിന് ഇതൊക്കെ ഒരു നിയോഗം പോലെയാണ്.
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ധനസഹായം, അനാഥപെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, തലചായ്ക്കാനിടമില്ലാത്തവര്‍ക്ക് കിടപ്പാടം, ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണം, രോഗികള്‍ക്ക് സാന്ത്വനം അങ്ങനെ നീളുകയാണ് മുസ്തഫ ഹാജിയുടെ നാട്ടുവിശേഷങ്ങള്‍. മതസൗഹാര്‍ദ സമ്മേളനങ്ങള്‍, സമൂഹ നോമ്പ് തുറകള്‍, സാമൂഹ്യ-സാംസ്‌കാരിക സംവാദങ്ങള്‍, അനുമോദന ചടങ്ങുകള്‍ കേന്ദ്ര ഭരണ പ്രദേശമായ മാഹി ചാലക്കരയിലെ കാസിനോ ഗാര്‍ഡന്‍സിന്റെ മുറ്റത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന തേന്‍മാവിന്‍ പിന്‍ചുവട്ടില്‍ നടക്കുന്ന പരിപാടികളില്‍ വന്നെത്താത്തവര്‍ അപൂര്‍വ്വം. മന്ത്രിമാരുടേയും, രാഷ്ട്രീയ നേതാക്കളുടേയും വ്യാപാര-വ്യവസായ പ്രമുഖരുടേയും മതനേതാക്കളുടേയുമെല്ലാം ഉറ്റ സുഹൃത്തും ആകര്‍ഷണ കേന്ദ്രവുമാണ് ഈ മനുഷ്യന്‍. നാടിനും സമൂഹത്തിനും വിനയായി വരുന്ന ഏത് കാര്യം ആര് ചെയ്താലും മുഖം നോക്കാതെ വിമര്‍ശിക്കാനും മുസ്തഫ ഹാജിക്ക് യാതൊരു മടിയുമില്ല.
അതിഥി സല്‍ക്കാരത്തിന് പേര് കേട്ട കാസിനോ ഗാര്‍ഡന്‍സിലെ രുചിപ്പെരുമയും ആതിഥ്യമര്യാദയും അനുഭവിച്ചറിയാത്ത തലശ്ശേരി, മാഹി നിവാസികള്‍ നന്നേ വിരളം. എല്ലാറ്റിനും പിറകില്‍ ഭര്‍ത്താവിന് കരുത്തായി, നിഴലായി, ഭാര്യ പാത്തൂട്ടി ഹജ്ജുമ്മ ഒപ്പമുണ്ട്.
സമ്പാദ്യത്തിന്റെ സിംഹഭാഗവും അഗതികള്‍ക്കായി ചിലവഴിക്കുന്ന മനുഷ്യ സ്നേഹി
നാടറിയാത്ത, നാടിന്റെ പങ്കാളിത്തമില്ലാത്ത ഒരു വിശേഷവും ഈ വലിയ മനുഷ്യസ്നേഹിയുടെ ജീവിതത്തിലുണ്ടായിട്ടില്ല. അരനൂറ്റാണ്ട് നീളുന്ന തന്റെ പ്രവാസ ജീവിതകാലത്ത്, അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യത്തിന്റെ സിംഹഭാഗവും മതങ്ങള്‍ക്കുമപ്പുറം അഗതികളുടേയും അശരണരുടേയും കണ്ണീരൊപ്പുന്നതിന് ചിലവഴിക്കുന്ന ഈ മനുഷ്യ സ്നേഹി, എന്നും ആത്മനിര്‍വൃതിയാണ് ദൈവസാന്നിധ്യമായി തനിക്ക് അനുഭവപ്പെട്ടിരുന്നതെന്ന് പറയാറുണ്ട്.

പിറന്ന മണ്ണിന്റെ മനമറിയുന്ന പ്രവാസി

മുസ്തഫ ഹാജി താണ്ടിയ മരുഭൂമിയിലെ മണ്‍പാതകള്‍ അദ്ദേഹത്തിന്റെ ജീവിത സ്വപ്നത്തില്‍ തെളിഞ്ഞ വഴികള്‍ തന്നെയായിരുന്നു. കൈയെത്തി പിടിക്കാന്‍ ശ്രമിച്ച മോഹങ്ങളെല്ലാം ഈ മണലാരണ്യം സാക്ഷിയായാണ് കാസിനോ മുസ്തഫ ഹാജിയെ തേടിയെത്തിയത്. അതുകൊണ്ടാണ് പിറന്നുവീണ മണ്ണിനെയെന്നപോലെ അതിരുകളില്ലാത്ത മണലാഴിയെയും ഈ പ്രവാസി ഹൃദയം കൊണ്ട് സ്നേഹിക്കുന്നത്. കാലടികള്‍ പതിഞ്ഞ എല്ലായിടങ്ങളിലും വിജയത്തിന്റെ കൈയൊപ്പിട്ട്, തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നപ്പോഴും ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മണ്ണിനെയും മനസിനെയും തിരിച്ചറിയുന്ന തനി നാടന്‍ മലയാളിയാകുകയാണ് മുസ്തഫ ഹാജി. അരനൂറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തെ നിയോഗമെന്നാണ് മുസ്തഫ ഹാജി വിളിക്കുന്നത്.
വിയര്‍പ്പുകൊണ്ടും കണ്ണീരുകൊണ്ടും നനഞ്ഞ ഒരു മനുഷ്യനെ ദൈവം ഹൃദയത്തോടു ചേര്‍ത്ത് അലിവോടെ കെട്ടിപ്പിടിച്ച നിയോഗങ്ങളുടെ കഥയാണ് ആ ജീവിതം. ആരേയും വിസ്മയിപ്പിക്കുന്ന അനുഭവകഥകള്‍ നിറഞ്ഞ ഒരു ജീവിതപോരാട്ടത്തിന്റേയും നേട്ടത്തിന്റേയും അനുഭവകഥകള്‍ക്കൊപ്പം ജന്മനാടിന്റെ നാളെയെകുറിച്ചും കാസിനോ മുസ്തഫ ഹാജിക്ക് സ്വപ്നങ്ങളുണ്ട്. ദീര്‍ഘകാലം ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതം നയിച്ച മുസ്തഫ ഹാജിക്ക് നമ്മുടെ നാടിന്റെ അടിസ്ഥാന സൗകര്യ മേഖലയിലെ വികസന സാധ്യതകളെകുറിച്ചാണ് പ്രധാനമായും പറയാനുള്ളത്. വികസന, സാംസ്‌കാരിക, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ഒരു ബെഞ്ച് മാര്‍ക്കായി ഉയര്‍ത്തിക്കാട്ടാനാകുന്ന മാതൃകയായി കേരളത്തെ പ്രത്യേകിച്ച് വടക്കേ മലബാര്‍ മാറണമെന്നതാണ്. അദ്ദേഹത്തിന്റെ സ്വപനം. അതിനുള്ള വിഭവശേഷി ഇന്നു നമുക്കുണ്ടെന്നാണ് മുസ്തഫ ഹാജിയുടെ പക്ഷം. ഒഴുക്കിനെതിരേ നീന്തിക്കയറിയ
തന്റെ ജീവിത വഴിത്താരകളും തരണം ചെയ്ത വെല്ലുവിളികളും, സ്വന്തമാക്കിയ നേട്ടങ്ങളും ചൂണ്ടിക്കാട്ടി മുസ്തഫ ഹാജി ഇതു പറയുമ്പോള്‍ അതിന് അനുഭവത്തിന്റെ തുടിപ്പാണ് ഊര്‍ജ്ജം പകരുന്നത്.

ഓരോ വെല്ലുവിളിയും ക്രോസ്റോഡ് പോലെ

ഓരോ വെല്ലുവിളികളും സംരംഭക ജീവിതത്തിലെ ക്രോസ് റോഡുകളാണ്. ഇത്തരം നാല്‍ക്കവലകളില്‍ ഏതുവഴിയിലൂടെ മുന്നോട്ടുപോകാന്‍ തീരുമാനിക്കുന്നുവെന്നത് നിര്‍ണായക ഘടകമാണ്. മുന്നില്‍ ഒരു വെല്ലുവിളി വരുമ്പോള്‍ തന്റെ മുന്നോട്ടുള്ള പാതയില്‍ ഒരു അപകടം പിണഞ്ഞതായാണ് താന്‍ കരുതുക. അപകട സ്ഥലത്തെ വാഹനങ്ങള്‍ മാറ്റിയിട്ട് ഗതാഗതം സുഗമമാകാന്‍ എത്ര സമയം വേണ്ടിവരുമെന്ന് താന്‍ മനസ്സില്‍ കണക്കുകൂട്ടും. ആ സമയത്തിനുമുമ്പേ ലക്ഷ്യസ്ഥാനത്തെത്താന്‍ ഊടുവഴികള്‍ വല്ലതുമുണ്ടോ, അതിന്റെ നിലവാരമെന്ത് എന്നൊക്കെ ചിന്തിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്താമെന്നുറപ്പുണ്ടെങ്കില്‍ ഊടുവഴിയിലൂടെ യാത്ര തുടരും. അല്ലെങ്കില്‍ സാഹചര്യം അനുകൂലമാകും വരെ കാത്തിരിക്കും. വികസന പാതയില്‍ നമ്മള്‍ ഈ വഴിയാണ് തേടേണ്ടത്. അതിന് നമ്മുടെ അനുകൂല ഘടകങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയും മനോഹരമായ നാട് മറ്റെങ്ങുമില്ല
ജീവിത വിജയം സമ്മാനിച്ചത് പ്രവാസ ജീവിതമാണെങ്കിലും മുസ്തഫ ഹാജിയുടെ അഭിപ്രായത്തില്‍ ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് മലയാളക്കര തന്നെയാണ്. പല വിദേശ രാജ്യങ്ങളും സന്ദര്‍ശിക്കുകയും ഒന്നുമില്ലായ്മയില്‍ നിന്നു സ്വന്തം പരിശ്രമം കൊണ്ട് ആരും സ്വപ്നം കാണുന്ന ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുയും ചെയ്ത കാസിനോ മുസ്തഫ ഹാജി ഇതു പറയുന്നത് കൃത്യമായ ഉള്‍ക്കാഴ്ചയോടെയാണ്.
മനസില്‍ മലയാള നാടിന്റെ കുളിര്‍മയുമായി മണലാര്യത്തിന്റെ ചുട്ടുപൊള്ളുന്ന കാറ്റേറ്റ് വര്‍ഷങ്ങളോളം പ്രവാസ ജീവിതം നയിച്ച മുസ്തഫ ഹാജി , ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും ഒരുപാട് വികസന സ്വപ്നങ്ങളും പ്രതീക്ഷകളും മനസ്സില്‍ കൊണ്ടുനടക്കുന്ന മനുഷ്യനാണ്.
വിവിധ ഭാഷക്കാര്‍, വസ്ത്രധാരണരീതികള്‍, ഭക്ഷണരീതികള്‍ തുടങ്ങി വൈവിധ്യങ്ങളുടെ കലവറയാണ് നമ്മുടെ ഇന്ത്യ. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത സാംസ്‌കാരിക പാരമ്പര്യവും നമുക്കുണ്ട്. മുസ്ലിം സമൂഹത്തിന് ഇത്രയും സ്വാതന്ത്ര്യവും സുരക്ഷിതവും കിട്ടുന്ന മറ്റൊരു രാജ്യം ലോകത്ത് വേറെയില്ല.
ഇന്ത്യയെ വിമര്‍ശിക്കുന്നവര്‍ മറ്റു രാജ്യങ്ങളിലേക്ക് പോയി അവിടെ നിന്ന് ഇന്ത്യയെ നോക്കി കാണണം. അപ്പോള്‍ ഇന്ത്യയുടെ മഹത്വം നമുക്ക് മനസിലാകും. സ്വാതന്ത്ര്യം എന്നതിന്റെ പൂര്‍ണ അര്‍ഥം ഇന്ത്യയില്‍ മാത്രമാണുള്ളത്. ഏത് മതത്തില്‍ വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനും വിമര്‍ശിക്കാനും ഇവിടെ സ്വാതന്ത്ര്യം നല്‍കുന്നു.
ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത വിശുദ്ധമായൊരു ഭരണഘടനയും നമുക്കുണ്ട്. ഇന്ത്യ ലോകത്തിന് മുന്നില്‍ ഒരത്ഭുതം തന്നെയാണ്. അതുകൊണ്ടാണ് ഈ രാജ്യം ഓരോരുത്തരുടേയും അഭിമാനമാകുന്നത്.

വേണം ലക്ഷ്യബോധമുള്ള ഒരു പുതുതലമുറ

രാജ്യസ്നേഹവും മനുഷ്യ സ്നേഹവുമുള്ള ഒരു പുതുതലമുറയെയാണ് രാജ്യം കാത്തിരിക്കുന്നത് ‘നല്ലത് പറഞ്ഞുകൊടുക്കാനും, നല്ല വഴികാട്ടിക്കൊടുക്കാന്നും സാധിച്ചാല്‍, പ്രതീക്ഷാനിര്‍ഭരമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കും.
ഇന്ത്യയെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കാനും അവസരമൊരുക്കണം. ഇന്ത്യയെ ഒരുമിപ്പിക്കുന്ന ഭരണഘടനയ്ക്ക് രൂപം നല്‍കിയ അംബേദ്കറിനെപ്പോലുള്ള മഹാരഥന്മാരുടെ ജീവിതത്തെ കുറിച്ച് ഇന്നും പാഠ്യപദ്ധതിയില്‍ അര്‍ഹിച്ച പരാമര്‍ശങ്ങളില്ല. ഇത് പരിഹരിക്കണം.

പിഞ്ചുമനസുകളെ കലുഷിതമാക്കുന്നു

ഇന്ന് ചിലര്‍ പിഞ്ചുമനസുകളിലേക്ക് വര്‍ഗീയതയുടെ വിഷവിത്തുകള്‍ കുത്തിവയ്ക്കുകയും, അവരെ തെറ്റായ വഴികളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഞാന്‍ പഠിച്ച ഇസ്ലാം അനുശാസിക്കുന്നത് സ്നേഹവും കാരുണ്യവും ദയയുമൊക്കെയാണ്. അക്രമത്തിന്റെ പാത ഇസ്ലാമിന്റേതല്ല. എല്ലാ മതങ്ങളും പറയുന്നത് പരസ്പരം സ്നേഹിക്കാനാണ്. മതത്തിന്റെ പേരില്‍ രാജ്യത്ത് അക്രമം നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. നിഷ്പക്ഷ വാദികള്‍ എന്നുപറഞ്ഞ് നടക്കുന്നവരാണ് യഥാര്‍ഥ രാജ്യദ്രോഹികള്‍. തെറ്റുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടാനും ശരിയുടെ പക്ഷത്ത് നില്‍ക്കാനും പുതുതലമുറയെ പഠിപ്പിക്കണം. പ്രതികരണ ശേഷിയുള്ള, നട്ടെല്ലുള്ള ഒരു പിന്‍മുറയെ വളര്‍ത്തിയെടുക്കാനാവണം. അവരുടെ കൈകളില്‍ രാജ്യം സുരക്ഷിതമായിരിക്കുമെന്നുറപ്പ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *