ബാലുശ്ശേരി: കേരളത്തിന് അനുവദിക്കപ്പെടുന്ന ആദ്യത്തെ എയിംസ് ബാലുശ്ശേരി കിനാലൂര്‍ എസ്റ്റേറ്റില്‍ തന്നെയാവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ താലൂക്ക് ആശുപത്രികളിലെ ആര്‍ദ്രം പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയ മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എയിംസ് വിഷയം ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയുമായും മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും ചര്‍ച്ചചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം എയിംസുമായി ബന്ധപ്പെട്ട ഫയല്‍ അംഗീകാരത്തിനായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിലേക്ക് അയച്ചതായുമാണ് വിവരമെന്ന് മന്ത്രി വ്യക്തമാക്കി.
ആശുപത്രിയില്‍ കിഫ്ബി മുഖേന അനുവദിച്ച 23 കോടിയുടെ നിര്‍മ്മാണപ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി. പ്രവൃത്തികളുടെ വിശദീകരണവും ആശുപത്രിയുടെ ഭാവിവികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ. വിശദീകരിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, വൈസ് പ്രസിഡന്റ് ടി.എം. ശശി, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍, മണ്ഡലം വികസനസമിതി കണ്‍വീനര്‍ ഇസ്മായില്‍ കുറുമ്പൊയില്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. രാജേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം കിഴക്കേകണ്ടിയില്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിച്ച മന്ത്രി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ആരായുകയും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയുംചെയ്തു.