ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കാന്‍ 24 മണിക്കൂര്‍  ആശുപത്രിവാസം വേണ്ട ഉപഭോക്തൃ കോടതി

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട ഉപഭോക്തൃ കോടതി

വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍.

എറണാകുളം മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ തന്റെ മാതാവിന്റെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ എറണാകുളം ഗിരിധര്‍ ഹോസ്പിറ്റലില്‍ ചെയ്തിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ഹോസ്പിറ്റലില്‍ കിടക്കാതെതന്നെ ശസ്ത്രക്രിയ നടത്തുകയും ഡിസ്ചാര്‍ജ് ആവുകയും ചെയ്തു.

ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരന്‍ യൂണിവേഴ്സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചത്. എന്നാല്‍ 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലാത്തതിനാല്‍, ഒപി ചികിത്സയായി കണക്കാക്കി ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷന്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുമെന്ന ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോററ്റി (ഐആര്‍ഡിഎഐ) യുടെ സര്‍ക്കുലറും കോടതി പരിഗണിച്ചു. പരാതിക്കാരന്റെ ആവശ്യം നിലനില്‍ക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചതായും കോടതി കണ്ടെത്തി.
ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് റെയിനോള്‍ഡ് ഫെര്‍ണാണ്ടസും ഹാജരായി.

Share

Leave a Reply

Your email address will not be published. Required fields are marked *