കോഴിക്കോട്: മുന്‍ മുഖ്യ മന്ത്രിയും, മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ നാമധേയത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം ഏര്‍പ്പെടുത്തിയ സി.എച്ച് അവാര്‍ഡ് മരണാന്തര ബഹുമതിയായി ഉമ്മന്‍ചാണ്ടിക്ക് സമ്മാനിക്കുമെന്ന് ജൂറിയംഗങ്ങളായ യു.കെ.കുമാരനും, ടി.പി.ചെറൂപ്പയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 21ന്(ശനി) വൈകിട്ട് 3.30ന് കെ.പി.കേശവമേനോന്‍ ഹാളില്‍ വെച്ച് നടക്കുന്ന സി.എച്ച്.അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ചാണ്ടി ഉമ്മന് സമര്‍പ്പിക്കും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തും. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തത്വങ്ങള്‍ ആശംസകള്‍ നേരും. വാര്‍ത്താസമ്മേളനത്തില്‍ കമാല്‍ വരദൂര്‍, പി.എ.ഹംസ, എ.സഫറി, പി.ഇസ്മയില്‍, നവാസ് മൂഴിക്കല്‍, ടി പി എം ജിഷാന്‍ എന്നിവര്‍ പങ്കെടുത്തു.