ന്യൂഡല്‍ഹി: നോക്കിയ ചിലവ് കുറയ്ക്കുന്നതിനായി 2026-ഓടെ 9,000 മുതല്‍ 14,000 വരെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്നാം പാദ ഫലങ്ങളില്‍ വില്‍പന 20 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ചിലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി ഈ തീരുമാനമെടുത്തതെന്നാണ് കമ്പനിയുടെ വിശദീകരണം. കമ്പനിയുടെ 5ജി ഉപകരണങ്ങളുടെ വില്‍പന മന്ദഗതിയിലായത് കൊണ്ടാണ് വില്‍പനയില്‍ ഈ ഇടിവുണ്ടായത്.
ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിലൂടെ, ഫിന്നിഷ് ടെലികമ്മ്യൂണിക്കേഷന്‍സ് എക്യുപ്മെന്റ് ഗ്രൂപ്പിന്റെ നോക്കിയ 2026-ഓടെ 800 മില്യണ്‍ മുതല്‍ 1.2 ബില്യണ്‍ യൂറോ വരെ ചിലവ് ലാഭിക്കുമെന്ന് കണക്കാക്കുന്നു. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 86,000ല്‍ നിന്ന് 72,000-77,000 ആയി കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2015 മുതല്‍ കമ്പനി ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിട്ടിട്ടുണ്ട്.
നേരത്തെ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, മെറ്റാ, ട്വിറ്റര്‍ തുടങ്ങി നിരവധി പ്രമുഖ ടെക് സ്ഥാപനങ്ങള്‍ തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചിലവ് ലാഭിക്കുന്നതിനായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.