കോഴിക്കോട്: തുഞ്ചന്‍ പറമ്പിലെ വിദ്യാരംഭ കലോത്സവം നാളെ മുതല്‍ 24 വരെ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകിട്ട് 4 മണിക്ക് എം.ടിയുടെ അധ്യക്ഷതയില്‍ നാടക സംഗീത പ്രതിഭ വില്‍സണ്‍ സാമുവല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എല്ലാ ദിവസവും നൃത്തനൃത്ത്യങ്ങള്‍, സംഗീത പരിപാടികള്‍, ഗസല്‍, അരങ്ങേറ്റങ്ങള്‍ എന്നിവ ഉണ്ടാവും. വിജയദശമി ദിവസം കാലത്ത് 9.30 മുതല്‍ കവികളുടെ വിദ്യാരംഭവും ഉണ്ടാവും. വിജയദശമി ദിവസം നാലായിരത്തോളം കുട്ടികളെ എഴുത്തിനിരുത്തും. 24ന് പുലര്‍ച്ചെ അഞ്ചുമണിക്ക് തുടങ്ങുന്ന വിദ്യാരംഭം ഉച്ചവരെ നീളും. വിദ്യാരംഭത്തിന് മുന്‍കൂട്ടി ബുക്കിംഗ് ആവശ്യമില്ല. വിദ്യാരംഭത്തിനെത്തുന്ന കുട്ടികള്‍ക്ക് തുഞ്ചന്‍ സ്മാരക ട്രസ്റ്റ് തയ്യാറാക്കിയ അക്ഷരമാല പുസ്തകം ലഭിക്കും. 20ന് വിദ്യാരംഭം കലോല്‍സവത്തിന്റെ ഉദ്ഘാടന വേദിയില്‍ എം.ടി.പുസ്തകം പ്രകാശനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റംഗം ഡോ.എം.എം.ബഷീര്‍, ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ശ്രീകുമാര്‍, കെ.എസ്.വെങ്കിടാചലം എന്നിവര്‍ പങ്കെടുത്തു.