കണ്ണൂര്‍: ഇസ്രയേലി പൊലീസുകാര്‍ക്കും സേനയ്ക്കും ജയില്‍ വാര്‍ഡന്‍മാര്‍ക്കുമുള്ള യൂണിഫോം തുന്നുന്നത് കണ്ണൂരിലെ കൂത്തുപറമ്പിലെ ആയിരത്തിയഞ്ഞൂറോളം വരുന്ന
സ്ത്രീകളാണ്.കൂത്തുപറമ്പ് കിന്‍ഫ്ര പാര്‍ക്കിലെ മരിയന്‍ അപ്പാരല്‍സിനാണ് കരാര്‍. എല്ലാവര്‍ഷവും അവര്‍ക്കായി ഇവിടെ യൂണിഫോം തുന്നാറുണ്ടെങ്കിലും ഇക്കുറി രാവുംപകലും തിരക്കിട്ട് തുന്നുകയാണ്. ഫുള്‍ക്കൈയും ഇരട്ട പോക്കറ്റുമുള്ള യൂണിഫോമിന്റെ സ്ലീവുകളില്‍ ഔദ്യോഗിക ചിഹ്നം പതിച്ചാണ് അയയ്ക്കുന്നത്.
കമാന്‍ഡര്‍മാരും ലേഡി ഓഫീസര്‍മാരും ഡിസൈനറും ക്വാളിറ്റി കണ്‍ട്രോളറുമടക്കം എട്ടുവര്‍ഷം മുന്‍പ് ഇവിടെ എത്തി കരാറുറപ്പിച്ചിരുന്നു. മുംബയിലെ സ്വന്തം ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന തുണിയാണ് ഉപയോഗിക്കുന്നത്. ആകാശനീല, ഇളംപച്ച, നേവി ബ്ലൂ നിറങ്ങള്‍ അടങ്ങുന്ന വിവിധ തരത്തിലുള്ള യൂണിഫോമുകളാണ് തയ്യാറാക്കുന്നത്. ഇസ്രയേല്‍ പ്രതിനിധി സ്റ്റിച്ചിംഗ് യൂണിറ്റില്‍ എത്തി ഗുണമേന്‍മ ഉറപ്പുവരുത്തും.
കുവൈറ്റിലെ നാഷണല്‍ ഗാര്‍ഡിന്റെയും ഫയര്‍ സര്‍വീസിന്റെയും ഖത്തര്‍ എയര്‍ഫോഴ്‌സിന്റെയും ഫിലിപ്പീന്‍സ് സൈന്യത്തിന്റെയും യൂണിഫോമുകളും ഇവിടെ തയ്യാറാക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ ആശുപത്രികളിലേക്ക് ഡോക്ടര്‍മാരുടെ കോട്ടുകള്‍, രോഗികള്‍ക്കുള്ള യൂണിഫോം, സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരുടെ വസ്ത്രങ്ങള്‍, കോര്‍പ്പറേറ്റ് വസ്ത്രങ്ങള്‍ തുടങ്ങിയവയും ഇവര്‍ നിര്‍മ്മിച്ചു നല്‍കുന്നു.
തൊടുപുഴ സ്വദേശിയായ തോമസ് ഓലിക്കലാണ് മരിയന്‍ അപ്പാരല്‍സിന്റെ എം.ഡി. മുംബയിലാണ് ഇതിന്റെ ഹെഡ് ഓഫീസ്. 2006ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച തുന്നല്‍ ഫാക്ടറി രണ്ടുവര്‍ഷത്തിനുശേഷം കണ്ണൂരിലേക്കു മാറ്റുകയായിരുന്നു. ദിനേശ് ബീഡി പ്രതിസന്ധിയിലായപ്പോള്‍ അവിടെയുണ്ടായിരുന്ന വനിതാ തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു ഇത്. ജോലി ചെയ്യുന്നവരില്‍ 95%വും പ്രദേശവാസികളായ സ്ത്രീകളാണ്. രണ്ടായിരം പേര്‍ക്ക് ഒരേസമയം ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്.