നേത്ര ചികിത്സയുടെ പാരമ്പര്യത്തനിമ

നേത്ര ചികിത്സയുടെ പാരമ്പര്യത്തനിമ

വിജയന്‍ കല്ലാച്ചി

കണ്ണൂരില്‍ നിന്നും 18 കി.മീ. അകലെയുള്ള മയ്യില്‍ എന്ന സ്ഥലത്ത് നൂറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഇടൂഴി എന്ന വൈദ്യശാല നേത്ര രോഗ ചികിത്സക്ക് ലോക പ്രശസ്തിയിലേക്കുയരുകയാണ്. വിദേശങ്ങളില്‍ നിന്നുപോലും നേത്ര ചികിത്സക്കായി പലരും ഇവിടെ വന്നുകൊണ്ടിരിക്കുന്നു. പരസ്യങ്ങള്‍ ഇല്ലാതെ ജനങ്ങള്‍ പറഞ്ഞറിഞ്ഞാണ് ഇവിടെ ആളുകള്‍ എത്തുന്നത്.
യാത്രാ സൗകര്യം തന്നെ കുറവായിരുന്ന കാലത്ത് മൂരാട് പുഴയും കോരപ്പുഴയും തോണിയില്‍ കടന്ന് കോഴിക്കോട് പന്നിയങ്കരയില്‍ വന്ന് വൈദ്യശാല നടത്തിയിരുന്നു ഇടൂഴി മാധവന്‍  നമ്പൂതിരി അത്രയേറെ കഷ്ടപ്പെട്ടാണ് കോഴിക്കോട്ടെ രോഗികളെ അദ്ദേഹം ചികിത്സിച്ചിരുന്നത്.
1907ലാണ് ഇടൂഴിയില്‍ വലിയ മാധവന്‍ നമ്പൂതിരി വൈദ്യശാല സ്ഥാപിച്ചത്. അതിനു മുമ്പ് വീട്ടില്‍ വെച്ചായിരുന്നു ചികിത്സ. മരുന്നിന്റെ പണമല്ലാതെ ചികിത്സക്ക് മറ്റൊന്നും ഈടാക്കിയിരുന്നില്ല. ഇന്നും അത് തന്നെ തുടര്‍ന്നു പോരുന്നു.
ഭവദാസന്‍ ഡോക്ടറാണ് ഇപ്പോള്‍ വൈദ്യശാലയിലെ പ്രധാന ഡോക്ടര്‍. 1960ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെ ഡി എ എം നേടി. കേന്ദ്ര ആയുര്‍വ്വേദ അക്കാദമിയുടെ രാഷീയ ആയൂര്‍വ്വേദ വിദ്യാപീഢ് ഫെലോഷിപ്പ് നേടിയ മലബാറിലെ ഏക ആയൂര്‍വ്വേദ ഭിഷഗ്വരനാണ് ഇദ്ദേഹം.
മക്കളായ ഡോ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഡോ. ഉമേഷ് നമ്പൂതിരി, ഡോ.ധന്യ.പി.വി തുടങ്ങിയവരാണ് ഡോ.ഭവദാസന്‍ നമ്പൂതിരിക്കൊപ്പം ചികിത്സ നടത്തുന്നത്. കണ്ണിലെ വരള്‍ച്ചയാണ് ഇന്ന് പലരിലും കണ്ടു വരുന്ന രോഗം. കൂടുതല്‍ സമയം കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നിവ ഉപയോഗിക്കുന്നവരിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നതെന്ന് ഡോ.ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
രാവിലെ എഴുന്നേല്‍ക്കുക, ശുദ്ധമായ പച്ചവെള്ളംകൊണ്ട് കണ്ണ് കഴുകുക, പച്ചവെള്ളത്തില്‍ കുളിക്കുക ‘ശിര ശ്രവണ പാദേഷു’ എന്നാണ് എണ്ണ തേച്ചുകുളിയെ പറ്റി ഗ്രന്ഥങ്ങള്‍ പറയുന്നത്. തലയിലും ചെവിയിലും പാദത്തിന്നടിയിലും എണ്ണ തേച്ച് കുളിക്കണമെന്നാണര്‍ത്ഥം.

തര്‍പ്പണം:  കണ്ണിന് തടംകെട്ടി പ്രത്യേകതരം നെയ്യ്കൊണ്ട് ഉള്ള ചികിത്സയാണ് തര്‍പ്പണം.
നേത്രശേകം:  കഷായംകൊണ്ട് കണ്ണില്‍ ധാരയൊഴിക്കുന്നതാണ് നേത്രശേകം. അലര്‍ജിക്കാണ് ഈ ചികിത്സ.
വിടാലകം: അരച്ച മരുന്നുകള്‍ കൊണ്ടുള്ള ചികിത്സയാണ് വിടാലകം
അഞ്ജനം:  മഷിയെഴുത്താണ് അഞ്ജനം. പണ്ടൊക്കെ കണ്ണില്‍ അഞ്ജനം എഴുതുന്നത് ഒരു ശീലമായിരുന്നു. പൂവാംകുറുന്നലിന്റെ നീരെടുത്ത് വെള്ള തു

ണിയില്‍ തേച്ച് ഉണക്കി

തിരിയെടുത്ത്, ആ തിരി കത്തിച്ച കരി പാത്രത്തില്‍ പിടിക്കുക. ആ കരികൊണ്ട് ഉണ്ടാക്കുന്ന അഞ്ജനം കണ്ണിന് നീറ്റലുണ്ടാക്കുന്നതാണെങ്കിലും കണ്ണിന് നല്ലതാണ്.
മന്ധാനകല്‍പം: നേത്ര ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മന്ധാനകല്‍പ ചികിത്സ. ചെന്തെങ്ങിന്റെ ഇളനീരില്‍ സ്ഫടികപ്പൊടിയും മരുന്നുകളും ചേര്‍ത്ത് ഏച്ചില്‍ മരംകൊണ്ടുണ്ടാക്കിയ കടകോല്‍ കൊണ്ട് കടയുമ്പോള്‍ ഉണ്ടാകുന്ന പതകൊണ്ട് ഉള്ള ചികിത്സയാണ് ഇത്. കണ്ണിലുണ്ടാകുന്ന പഴുപ്പ്, പുകച്ചില്‍ ഇവയ്ക്ക് ഉത്തമമാണ്.
ഇത് കൂടാതെ താളിയോല ഗ്രന്ഥങ്ങളില്‍ നിന്ന് പാരമ്പര്യമായും വാമൊഴിയായും കിട്ടിയ ചില അപൂര്‍വ്വ മരുന്നുകളും പ്രയോഗിക്കുന്നുണ്ട്. ചൂട് കാലത്ത് ഇടയ്ക്കിടെ പച്ചവെള്ളത്തില്‍ കണ്ണു കഴുകുന്നത് നല്ലതാണ്.
ശരീരം ചൂടാകുമ്പോള്‍ കുളിക്കുന്നത് കണ്ണിന് ദോഷം ചെയ്യും. ശരീരത്തിലെ വേദനകളെ പിടിച്ചു നിറുത്തുന്നവന്‍ വേദനയോടെയേ മരിക്കൂ എന്ന് താളിയോലകളില്‍ എഴുതിയിട്ടുണ്ട്. മൂത്രം പിടിച്ചു നിറുത്തുന്ന ശീലമുണ്ടെങ്കിലും കണ്ണിന്റെ കാഴ്ച ശക്തിയെ അത് ബാധിക്കും. കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ് ചെറുപയര്‍.
ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സേവനം എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ സേവനം അനുഷ്ഠിക്കുന്നു. ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റെയും സ്നേഹപൂര്‍ണ്ണമായ പെരുമാറ്റം ശ്രദ്ധേയമാണ്. രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിലെ പലരും ഇവിടുത്തെ ചികിത്സയുടെ ഗുണഫലം അനുഭവിച്ചിട്ടുണ്ട്.
നേത്ര ചികിത്സാ രംഗത്ത് ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ഈ മഹത്തായ സ്ഥാപനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ പിന്തുണ നല്‍കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. മയ്യില്‍ സ്‌കൂളിന് സ്ഥലം സൗജന്യമായി നല്‍കിയത് ഈ കുടുംബമാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *