ഹെർണിയ ശസ്ത്രക്രിയയെ തുടർന്ന് വൃഷണത്തിന്റെ പ്രവർത്തനം നിലച്ചു ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം

ഹെർണിയ ശസ്ത്രക്രിയയെ തുടർന്ന് വൃഷണത്തിന്റെ പ്രവർത്തനം നിലച്ചു ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം

വയനാട്: ഹെര്‍ണിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന് വൃഷണം നഷ്ടപ്പെട്ടതായി പരാതി. തോണിച്ചാല്‍ സ്വദേശി എന്‍.എസ് ഗിരീഷിനാണ് വൃഷണം നഷ്ടമായത്. വയനാട് മെഡിക്കല്‍ കോളജ് സര്‍ജന്‍ ഡോ.ജുബേഷ് അത്തിയോട്ടിലിനെതിരെ ഗിരീഷ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.

എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ക്ലാര്‍ക്കായ ഗിരീഷ് കഴിഞ്ഞ മാസം 13നാണ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി വയനാട് മെഡിക്കല്‍ കോളജിലെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ വൃഷണത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞു. ഏഴാം ദിവസം സ്റ്റിച്ച് എടുക്കാനെത്തിയപ്പോഴാണ് ഞരമ്പ് മുറിഞ്ഞ കാര്യം ഡോക്ടര്‍ ഗിരീഷിനെ അറിയിക്കുന്നത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വൃഷണത്തിന്റെ പ്രവര്‍ത്തനം നിലച്ചതായി കണ്ടെത്തുകയും വൃഷ്ണം നീക്കം ചെയ്യുകയുമായിരുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ടോര്‍ഷന്‍ എന്ന വാക്ക് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഗിരീഷ് അറിയിക്കുന്നത്. വൃഷണത്തിലേക്കുള്ള രക്തയോട്ടം നിലച്ചു എന്നാണ് ഇതിനര്‍ഥം. സ്‌കാനിങില്‍ ടോര്‍ഷന്‍ സംഭവിച്ചത് വ്യക്തമായിട്ടും മരുന്ന് കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ തന്നെ അറിയിച്ചിരുന്നെങ്കില്‍ വിദഗ്ധ ചികിത്സ തേടാമായിരുന്നുവെന്നും തന്റെ ജീവന്‍ വരെ അപകടത്തിലാക്കുകയും അവയവം നഷ്ടപ്പെടുത്തുകയും ചെയ്തതിനാലാണ് നിയമ നടപടിയെന്നും ഗിരീഷ് പറയുന്നു. സ്റ്റിച്ച് എടുക്കാന്‍ ചെന്ന ദിവസം വൃഷണത്തില്‍ നീര്‍ക്കെട്ട് കണ്ടെതിനെ തുടര്‍ന്ന് മറ്റൊരു ഡോക്ടറാണ് സ്‌കാനിംഗിന് നിര്‍ദേശിക്കുന്നത്.

ടോര്‍ഷന്‍ സംഭവിച്ചാല്‍ ആറ് മണിക്കൂര്‍ മാത്രമേ സാധാരണ ഗതിയില്‍ രോഗി ജീവിക്കാനിടയുള്ളൂ. എന്നാല്‍ ടോര്‍ഷന്‍ സംഭവിച്ചത് പോലും ഡോക്ടര്‍ മറച്ചു വച്ചത് ഗുരുതര വീഴ്ചയാണെന്ന് ഗിരീഷ് ചൂണ്ടിക്കാട്ടി.
ഗിരീഷിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഡിഎംഒ അറിയിച്ചു. മാനന്തവാടി മെഡിക്കല്‍ കോളജിലെ ക്ലാര്‍ക്കായിരുന്ന ഗിരീഷ് കഴിഞ്ഞ മാസമാണ് എടവക കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *