കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎം) സായിനാഥ് അസോസിയേറ്റ്‌സ് മുഖേന ഒമ്പതര മാസം ജോലി ചെയ്തിരുന്ന സ്മിജ.കെയെ അകാരണമായി പിരിച്ചുവിടുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ നവംബര്‍ 1ന് സമരം സംഘടിപ്പിക്കുമെന്ന് ഡോ. അംബേദ്കര്‍ ജനമഹാപരിഷത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐഐഎംലെ അതിജീവിതക്ക് മാനസിക സപ്പോര്‍ട്ട് നല്‍കിയതിന് സ്മിജയെ ബലിയാടാക്കുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു. സെപ്തംബര്‍ 20ന് ഒരു മുന്നറിയിപ്പും നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു.
പട്ടികജാതിയില്‍പ്പെട്ടവര്‍ ഈ സ്ഥാപനത്തില്‍ ജാതീയമായ അധിക്ഷേപത്തിന് വിധേയമാവുന്നുണ്ട്. തന്നെ ജാതീയമായി പീഢിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റിനും, ഉത്തരമേഖല എഡിജിപി, സിറ്റി പോലീസ് കമ്മീണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ്, വനിത സെല്‍, കുന്ദമംഗലം പോലീസ് സ്‌റ്റേഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സ്മിജ.കെ, രാമദാസ് വേങ്ങേരി, ടി.വി.ബാലന്‍ പുല്ലാളൂര്‍, പ്രിയ കട്ടാങ്ങല്‍, വി.ദാമോദരന്‍ പങ്കെടുത്തു.