കേരളത്തിന്റെ വികസന വഴിത്താരയില്‍ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി വിഴിഞ്ഞം രാജ്യാന്തര തുറമുഖം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. തുറമുഖത്തിന്റെ ആദ്യഘട്ടത്തിന്റെ പൂര്‍ത്തീകരണവും രണ്ടാം ഘട്ടത്തിന്റെ ആരംഭവും ഇനിയും തുടരും, രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര മന്ത്രി വി.മുരളീധരന്‍, അദാനി പോര്‍ട്‌സ് സി ഇ ഒ കരണ്‍ അദാനി, മന്ത്രിമാര്‍, ഉന്നതോദ്യഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ആദ്യ കപ്പല്‍ ഔദ്യോഗികമായി ബെര്‍ത്തില്‍ അണഞ്ഞത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, കേന്ദ്ര മന്ത്രി വി.മുരളീധരനും തുറമുഖം യാഥാര്‍ത്ഥ്യമായതിനെപ്പറ്റി തങ്ങളുടെതായ അവകാശവാദം ഉന്നയിച്ചെങ്കിലും കേരളത്തെ സംബന്ധിച്ച് ഇത് മഹത്തായ കാര്യം തന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍, ഭരണകൂടങ്ങള്‍ നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ടവര്‍ തന്നെയാണ്. അക്കാര്യത്തില്‍ ആരോഗ്യകരമായ മത്സരം നടക്കുമ്പോഴാണ് നാട്ടില്‍ വികസനമുണ്ടാവുക. അതുകൊണ്ടുതന്നെ എല്‍ഡിഎഫും,യുഡിഎഫും, ബിജെപിയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള പ്രവര്‍ത്തനം സ്മരിക്കപ്പെടുക തന്നെ ചെയ്യും. വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് പ്രതിപക്ഷനേതാവടക്കമുള്ളവര്‍ ഉന്നയിക്കുകയുണ്ടായി. രാഷ്ട്രീയ പരിമിതികള്‍ മാറ്റിവെച്ച് ഇക്കാര്യം പരിഗണിക്കേണ്ടതാണ്. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി മാത്രമല്ല, കേരളത്തിലെ സമീപ കാലത്തുണ്ടായ വന്‍കിട പ്രൊജക്ടുകള്‍ക്കെല്ലാം അക്ഷീണം പ്രയത്‌നിച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ കേരളത്തിന്റെ വികസനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ഈ പദ്ധതിക്ക് നമ്മുടെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കുന്നത് പരിഗണിക്കാവുന്നതാണ്. മണ്‍മറഞ്ഞുപോയ മഹാരഥന്മാരായ നമ്മുടെ നേതാക്കളുടെ നാമധേയങ്ങളില്‍ അവര്‍ക്കര്‍ഹമായ സ്മരണ നിലനിര്‍ത്താനുള്ള സന്ദര്‍ഭം നഷ്ടപ്പെടുത്താതിരിക്കുകയും അത്തരം കാര്യങ്ങളില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതില്‍ നിന്ന് എല്ലാവരും പിന്‍വാങ്ങുകയും വേണം. ഇടതു മുന്നണിക്കാര്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ നാമം നല്‍കിയാല്‍ എല്‍ഡിഎഫിന്റെ മഹത്വം വര്‍ദ്ധിക്കുകയാണ് ഉണ്ടാവുക. അതാണ് രഷ്ട്രീയത്തിലെ പരസ്പര ബഹുമാനത്തിന്റെ കൊടിയടയാളം. വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേരളം കുതിക്കാന്‍ തയ്യാറെടുക്കുകയാണ് വേണ്ടത്.