ബന്ദികളാക്കിയത് 199 പേരെ
ന്യൂയോര്‍ക്ക്: ഗാസ പിടിച്ചെടുക്കാന്‍ തങഅങള്‍ക്ക് താല്‍പര്യമില്ലെന്നും എന്നാല്‍, ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രയേല്‍. ഗാസ പിടിക്കാനുള്ള ഇസ്രയേലിന്റെ നീക്കം വലിയ അബദ്ധമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിനു പിന്നാലെ യുഎന്നിലെ ഇസ്രയേല്‍ അംബാസഡര്‍ ഗിലാര്‍ഡ് എര്‍ദന്‍ ആണു നിലപാട് വ്യക്തമാക്കിയത്.
അവരുടെ ശക്തി ക്ഷയിപ്പിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കും എര്‍ദന്‍ പറഞ്ഞു. ഹമാസിനെ ഇല്ലാതാക്കിയാല്‍ ഗാസ ആരു ഭരിക്കുമെന്ന ചോദ്യത്തിന് യുദ്ധത്തിനു ശേഷമുള്ള ദിവസം എന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ലെന്നും എര്‍ദന്‍ വ്യക്തമാക്കി.
അതേസമയം, അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഹമാസ് 199 പേരെ ബന്ദികളാക്കിയതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു. നേരത്തേ 155 പേരെ ബന്ദികളാക്കിയെന്നാണ് അറിയിച്ചിരുന്നത്. ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ ശ്രമം തുടരുന്നു. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധം ആക്രമണം നടത്തില്ലെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
എന്നാല്‍ ബന്ദികളെ ഗാസയ്ക്കുള്ളിലെ സുരക്ഷിത സ്ഥലങ്ങളിലും തുരങ്കങ്ങളിലും താമസിപ്പിച്ചിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു. മുന്നറിയിപ്പില്ലാതെ സാധാരണക്കാരുടെ വീടുകള്‍ക്കുനേരെ ഇസ്രയേല്‍ ബോംബെറിഞ്ഞാല്‍ ബന്ദികളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.