കൊച്ചി: കാലമേറെ മാറിയിട്ടും ലോകം ഏറെ പുരോഗതിയിലേക്ക് നീങ്ങിയിട്ടും സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ വലിയ മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നുവെന്നത് വേദന നിറഞ്ഞ കാര്യമാണെന്ന് സാഹിത്യകാരന്‍ പ്രൊഫ. എം.കെ. സാനു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച റൂബി ജോര്‍ജ് രചിച്ച ‘നീ പെണ്ണാണ്’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീത്വത്തെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യപ്പെടേണ്ട എല്ലാവിധ സാഹചര്യവും വര്‍ത്തമാനകാലത്ത് ഉണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അര്‍ഹമായ ബഹുമാനം കിട്ടാതെ വരുന്നതെന്ന് മനസ്സിലാകുന്നില്ല. അസമത്വത്തിനെതിരേ തുടങ്ങിവെച്ച പോരാട്ടങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്ക് വോട്ട് അവകാശവും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരവും അതിനു ചിലയിടങ്ങളില്‍ സംവരണവുമുണ്ട്. എന്നാലും സ്ത്രീയുടെ സ്ഥാനം പഴയകാലത്തേതില്‍ നിന്നും വിഭിന്നമല്ല.
ഈ നിലപാടുകള്‍ക്കെതിരേ മനുഷ്യസ്‌നേഹിയായ ഒരു സ്ത്രീയുടെ ഹൃദയം സ്പന്ദിക്കുന്നതാണ് ഈ കവിതാ സമാഹാരം. വര്‍ത്തമാന കാലത്ത് അഭിമാനിക്കാവുന്ന ഉള്ളടക്കമാണ് കവിതാ സമാഹാരത്തിന്റേതെന്നും സമകാലീന പ്രവണതകള്‍ റൂബി വരച്ചു കാട്ടുന്നുവെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു.
കലൂര്‍ മാതൃഭൂമി ബുക്‌സ് സ്റ്റാളില്‍ നടന്ന ചടങ്ങില്‍ എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.പി. അജിത്കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. കേരള സാഹിത്യവേദി പ്രസിഡന്റ് ജി.കെ. പിള്ള തെക്കേടത്ത് അധ്യക്ഷനായിരുന്നു. കേരള സാഹിത്യ വേദി സെക്രട്ടറി പി. കൃഷ്ണന്‍ ആശംസ നേര്‍ന്നു. സുധ അജിത് സ്വാഗതവും പറഞ്ഞു. റൂബി ജോര്‍ജ് മറുമൊഴി നടത്തി. ചടങ്ങിനു മുന്നോടിയായി വിവിധ വ്യക്തികള്‍ കഥകളും കവിതകളും അവതരിപ്പിച്ചു.