അന്ത്യശാസനം അവസാനിക്കെ പലസ്തീന്‍ സായുധ സംഘം ഹമാസിനെതിരേ അന്തിമയുദ്ധത്തിന് തയാറെടുത്ത് ഇസ്രേയേല്‍ സേന. ഏതാണ്ട് 10 ലക്ഷം പേരെ അവിടെ നിന്നു മാറ്റിയതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. വടക്കന്‍ ഗാസയില്‍ നിന്നു തെക്കന്‍ ഗാസയിലേക്കാണ് കൂടുതല്‍ പേരേയും മാറ്റിയത്.
ആയിരക്കണക്കിന് കവചിത വാഹനങ്ങളും ഗാസ അതിര്‍ത്തിയില്‍ നിരന്നു കഴിഞ്ഞു. രാഷ്ട്രീയമായ ഉത്തരവ് ഉണ്ടായാല്‍ ഉടന്‍ ഗാസയില്‍ ഇസ്രേയല്‍ സൈന്യം കരയുദ്ധം ആരംഭിക്കും. ഗാസയില്‍ ഇപ്പോഴും തുടരുന്ന സാധാരണക്കാരും ഹമാസ് സംഘം ബങ്കറുകളില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്വന്തം പൗരന്‍മാരുടേയും സാന്നിധ്യമാണ് ഇസ്രേയല്‍ സൈന്യത്തെ ഇപ്പോഴും വലയ്ക്കുന്നത്.
ഇസ്രായേല്‍ പ്രതിരോധ സേനയുടെയും (ഐഡിഎഫ്) ഇസ്രായേല്‍ വ്യോമസേനയുടെയും (ഐഎഎഫ്) സംയുക്ത സേനക്കൊപ്പം 400,000 റിസര്‍വ് സൈനികരേയും ഇസ്രേയല്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇസ്രേയല്‍ ഇപ്പോഴും കരയുദ്ധം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബന്ദികളെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ഹമാസിനോട് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിട്ടുണ്ട്. കരയുദ്ധം ആരംഭിച്ചാല്‍ ഭവിഷത്ത് വലുതായിരിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി.
ഇസ്രേയലിന്റെ തുടര്‍ച്ചയായ ബോംബാക്രമണത്തില്‍ ഗാസയില്‍ 700-ലധികം കുട്ടികള്‍ ഉള്‍പ്പെടെ 2,670-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജനസാന്ദ്രതയേറിയ തീരദേശ മേഖലയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇസ്രായേല്‍ വിച്ഛേദിച്ചെങ്കിലും തെക്കന്‍ മേഖലയില്‍ ഇന്നലെ വെള്ളം പുനഃസ്ഥാപിച്ചിട്ടുണ്ട്.