ഹിമാചൽ പ്രദേശ്:ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമായി അമ്പതിലേറെ മത്സരാർഥികൾ പങ്കെടുക്കുന്ന പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് ഷിംലയിൽ തുടക്കം കുറിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു ഉദ്ഘാടനം ചെയ്തു. മഴയിലും മിന്നൽപ്രളയത്തിലും തകർന്ന ഷിംലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഫ്ളൈയിങ് ഫെസ്റ്റിവൽ പുത്തൻ ഉണർവുകൾ നൽകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
പ്രകൃതി ദുരന്തത്തിൽ തകർന്ന ഷിംലയുടെയും ഹിമാചൽ പ്രദേശിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളുടെയും പുനർനിർമാണം നല്ല നിലയിൽ പൂർത്തിയായതായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കുളു-മണാലി ഉൾപ്പടെ പ്രധാന സ്ഥലങ്ങളിലേക്കുള്ള റോഡുകൾ പുനർനിർമിച്ചു. ഹിമാചൽ ഇപ്പോൾ പൂർണമായും തിരിച്ചുവരവിന്റെ പാതയിലാണ്. ഫ്ളൈയിങ് ഫെസ്റ്റിവൽ അതിന്റെ തുടക്കമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
51 1 മത്സരാർഥികളാണ് ഫ്ളൈയിങ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. വ്യോമ, കര സേനകളിൽ നിന്നുള്ളവരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്റർനാഷണൽ കുളു ദസറ ഫെസ്റ്റിവൽ ഈ മാസം നടക്കുമെന്നും മുഖ്യമന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. 20 വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ കുളു ഫെസ്റ്റിവലിൽ പങ്കാളികളാവും.
മാസങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും സംസ്ഥാനത്തുടനീളം നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും കനത്ത നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളായ കുളുവിലും മണാലിയിലും ഷിംലയിലുമൊക്കെയാണ് പ്രളയത്തിൽ ഏറ്റവും നാശനഷ്ടങ്ങളുണ്ടായത്. ദേശീയപാതകൾ ഉൾപ്പടെ 250ഓളം റോഡുകളും മഴയിലും മണ്ണിടിച്ചിലുമായി തകർന്നിരുന്നു. ലഹോളിലും മണാലിയിലുമൊക്കെ കുടുങ്ങി കിടന്നവരെ ഏറെ ബുദ്ധിമുട്ടിയാണ് രക്ഷപ്പെടുത്തിയത്. ഹിമാലയൻ പർവതപ്രദേശങ്ങളും നദീതടങ്ങളും നിറഞ്ഞ ഹിമാചൽ പ്രദേശിന്റെ പ്രധാന വരുമാന മാർഗങ്ങൾ കൃഷിയും വിനോദസഞ്ചാരവുമാണ്.