അഹമ്മദാബാദ്: ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് 192 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത സന്ദര്‍ശകര്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ്സ്‌കോറര്‍. രണ്ടിന് 150 റണ്‍സ് എന്ന നിലയില്‍ നിന്നാണ് പാകിസ്താന്‍ തകര്‍ന്നടിഞ്ഞത്. ഇന്ത്യയുടെ അഞ്ചു ബൌളര്‍മാര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.
ഫ്ളാറ്റ് വിക്കറ്റില്‍ മികച്ച നിലയില്‍ തുടങ്ങിയ പാക്കിസ്ഥാന് എട്ടാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 20 റണ്‍സെടുത്ത അബ്ദുല്ല ഷഫീഖ് ആണ് പുറത്തായത്. താരത്തെ പേസര്‍ മുഹമ്മദ് സിറാജ് വിക്കറ്റിന് മുമ്പില്‍ കുരുക്കുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ ബാബര്‍ അസമും ഇമാമുല്‍ ഹഖും കരുതലോടെ ബാറ്റു ചെയ്തു. മികച്ച രീതിയിയില്‍ ബാറ്റു ചെയ്ത ഇമാമുല്‍ ഹഖിനെ പാണ്ഡ്യ കീപ്പര്‍ രാഹുലിന്റെ കൈയിലെത്തിയതോടെ വീണ്ടും ബ്രേക്ക് ത്രൂ. 38 പന്തില്‍നിന്ന് 36 റണ്‍സായിരുന്നു ഹഖിന്റെ സമ്പാദ്യം. എന്നാല്‍ പിന്നീടെത്തിയ മുഹമ്മദ് റിസ്വാനും ബാബറും ചേര്‍ന്ന് ഇന്നിങ്സിന് നങ്കൂരമിട്ടു. സിംഗിളും ഡബിളുമെടുത്ത് സ്‌കോര്‍ ചലിപ്പിച്ച ഇരുവരും കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികളും നേടി.
എന്നാല്‍ മുപ്പതാം ഓവറില്‍ ബാബറും 33-ാം ഓവറില്‍ റിസ്വാനും പുറത്തായതോടെ പാക് ഇന്നിങ്സിന്റെ നടുവൊടിഞ്ഞു. ബാബര്‍ 58 പന്തില്‍ നിന്ന് അമ്പത് റണ്‍സെടുത്തു. മുഹമ്മദ് സിറാജാണ് അസമിനെ വീഴ്ത്തിയത്. 49 റണ്‍സെടുത്ത റിസ്വാനെ ബുംറ ബൗള്‍ഡാക്കി.
തൊട്ടുപിന്നാലെ എത്തിയ സൗദ് ഷക്കീലിനും ഇഫ്തിഖാര്‍ അഹമ്മദിനും തിളങ്ങാനായില്ല. പത്തു പന്തില്‍ നിന്ന് ആറു റണ്‍സെടുത്ത സൗദിനെ കുല്‍ദീപ് വിക്കറ്റിന് മുമ്പില്‍ കുടുക്കി. ഇഫ്തിഖാറിന്റെ വിക്കറ്റും കുല്‍ദീപിനായിരുന്നു. വൈഡെന്നു തോന്നിച്ച പന്ത് പാക് ബാറ്ററുടെ കൈയില്‍ തട്ടി സ്റ്റംപിളക്കുകയായിരുന്നു. അവസാന ഏഴു ബാറ്റര്‍മാരില്‍ ഹസന്‍ അലി മാത്രമാണ്‌ചെറിയ മുന്നേറ്റം നടത്തിയത്.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ ഏഴ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പനി മൂലം ആദ്യ രണ്ടു മത്സരത്തില്‍ ഇല്ലാതിരുന്ന ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചത്. ഇഷാന്‍ കിഷനാണ് പുറത്തായത്.